ലോകത്തിന്റെ ഏത് കോണിലിരുന്നും ചികിത്സ നടത്താം; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി ശാസ്ത്രലോകം

ചികിത്സാരംഗത്ത് പുത്തന്‍ മുന്നേറ്റവുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം. ലോകത്തിന്റെ വിദൂര ഇടങ്ങളിലിരുന്ന് ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാനും സര്‍ജറി ഉള്‍പ്പടെ ചെയ്യുവാനും സാധിക്കുന്ന നവീന സമ്പ്രദായമാണിത്. മനുഷ്യരുടെ ബുദ്ധിയെ അനുകരിക്കാന്‍ കമ്പ്യൂട്ടറുകളെ പരിശീലിപ്പിക്കുന്ന രീതിയുടെ പുത്തന്‍ പേരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

ഒരു മനുഷ്യന്റെ തലച്ചോറിന് സമാനമായ രീതിയില്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിര്‍മ്മിച്ചെടുക്കുന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് എന്ന സംവിധാനമാണ് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അനേകായിരം ചിത്രങ്ങളില്‍ നിന്ന് ഒരാളുടെ ചിത്രം തിരിച്ചറിയാന്‍ സാധിക്കുന്ന കംപ്യൂട്ടര്‍ സംവിധാനമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രത്യേകത.

ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എക്സ് റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ കാലതാമസം വരുത്താതെ വിശകലനം, ചെയ്യാന്‍ സാധിക്കുമെന്നതും എഐ യുടെ പ്രത്യേകതയാണ്.

ആതുരസേവനങ്ങള്‍ കടന്നുചെല്ലാത്ത ഗ്രാമങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് രോഗനിര്‍ണ്ണയം നടത്താനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സാധിക്കുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ എറ്റവും വലിയ മെച്ചം.

റേഡിയോളജി, ഡെര്‍മറ്റോളജി, പതോളജി, തുടങ്ങിയ വിഭാഗങ്ങള്‍ക്ക് എറ്റവും കൂടുതല്‍ സഹായകമാകുന്ന സംവിധാനം കൂടിയാണ് ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ്.

ഐഎ ഗവേഷണത്തിലെ പ്രധാന വക്താക്കളായ ഐ.ബി.എം ഇത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസിലെ 31 ആശുപത്രികളുമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ളവ കംപ്യൂട്ടറിനെ പഠിപ്പിക്കുക വഴി രോഗനിര്‍ണ്ണയും വേഗത്തില്‍ സാധ്യമാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

റോബോട്ടിക് സര്‍ജറി സംവിധാനവും കൂടി ലയിപ്പിക്കുകയാണെങ്കില്‍ ചികിത്സാ രംഗത്ത് വന്‍ കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇത് സാധ്യമാകുന്നതോടെ ദൂരം, സമയം, എന്നിവയിലെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. രോഗികള്‍ക്ക് കൃത്യമായ ചികിത്സാ വിവരങ്ങള്‍ എത്തിച്ച് രോഗനിര്‍ണ്ണയം നടത്താനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

Leave a Reply

Your email address will not be published.