എഫ്ആര്‍ ഡി ഐ ബിൽ സാധാരണക്കാരുടെ ആജീവനാന്ത സമ്പാദ്യം അപകടത്തിലാക്കും

2016 നവംബര്‍ 8 ലെ നോട്ട് നിരോധനത്തിലൂടെ ഏതാണ്ട് എല്ലാ ഇന്ത്യക്കാരും തങ്ങളുടെ കൈകളിലുണ്ടായിരുന്ന പണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതരായി.ഇന്ത്യയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 110 ലക്ഷം കോടി രൂപയാണ്.ഇതില്‍ 80 ശതമാനം നിക്ഷേപവും സാധാരണ ജനവിഭാഗങ്ങളുടേതാണ്. സാധാരണക്കാരുടെ ആജീവനാന്ത സമ്പാദ്യം അപകടത്തിലാക്കും വിധമുള്ള നിര്‍ദ്ദേശങ്ങളാണ് നിര്‍ദിഷ്ട എഫ്ആര്‍ഡിഐ ബില്ലിലുള്ളത്. വന്‍കിട കുത്തകകള്‍ എടുത്ത ലക്ഷം കോടിയുടെ വായ്പകള്‍ തിരിച്ചടക്കാത്തതു മൂലം വലിയ പ്രതിസന്ധിയിലൂടെയാണ് ബാങ്കുകള്‍ കടന്നു പോകുന്നത്.

മനപ്പൂര്‍വ്വം കിട്ടാക്കടം വരുത്തിയ വന്‍കിടക്കാര്‍ക്കെതിരെ ശക്തമായ ഒരു നടപടിയും എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക് റപ്‌സി കോഡി ല്‍ ചില മാറ്റങ്ങള്‍ വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. മനപ്പൂര്‍വ്വം കിട്ടാക്കടം വരുത്തിയവരെ ക്രിമിനല്‍ കുറ്റവാളികളാക്കി, അവരുടെ വസ്തുവഹകള്‍ കണ്ടുകെട്ടി കിട്ടാക്കടങ്ങള്‍ക്ക് അറുതി വരുത്താനുതകുന്ന ഒരു നിയമനിര്‍മ്മാണത്തിനും സര്‍ക്കാര്‍ ഒരുക്കമല്ല.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പ്രതിസന്ധിയിലാണെന്ന് കമ്പനി വക്താക്കള്‍ തന്നെ അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. പല ബാങ്കുകളില്‍ നിന്നായി പ്രസ്തുത കമ്പനിയെടുത്ത 45,000 കോടി രൂപയാണ് കിട്ടാക്കടമാകാന്‍ പോകുന്നത്. എന്നാല്‍ അവരുടെ തന്നെ സഹോദര സ്ഥാപനമായ ജിയോയുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന് പേയ്‌മെന്റ് ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്.കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇത്തരം നയങ്ങള്‍ നടപ്പിലാക്കുന്നത്.

ഇങ്ങനെയുള്ള വന്‍കിട കുത്തകകളെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളാണ് എഫ്ആര്‍ഡിഐ ബില്ലിലുള്ളത്.1955 ലെ എസ്ബിഐ നിയമം, 1956 ലെ എല്‍ഐസി നിയമം, 1970 ലെയും 1980 ലെയും ബാങ്കിംഗ് കമ്പനി നിയമം, 1972 ലെ ജനറല്‍ ഇന്‍ഷൂറന്‍സ് നിയമം, 1976ലെ റീജണല്‍ റൂറല്‍ ബാങ്ക് നിയമം, 2002 ലെ സഹകരണ നിയമം അങ്ങനെ ധനകാര്യ മേഖലയിലെ എല്ലാ നിയമങ്ങളും എഫ്ആര്‍ഡിഐ ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെടും. ഈ ബില്ലിലൂടെ നിലവില്‍ വരുന്ന റെസല്യൂഷന്‍ കോര്‍പ്പറേഷന്റെ കീഴിലാകും പ്രസ്തുത ധന മേഖലാ സ്ഥാപനങ്ങള്‍ .പാര്‍ലമെണ്ടിന്റെ അവകാശങ്ങള്‍ പോലും ഇല്ലാതാകും.റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ അതോടെ അവസാനിക്കും. റെസല്യൂഷന്‍ കോര്‍പ്പറേഷന്റെ തീരുമാനങ്ങള്‍ സുപ്രീം കോടതിയില്‍ മാത്രമേ ചോദ്യം ചെയ്യപ്പെടാനാകൂ.

2008 ലെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ വേളയില്‍ മുതലാളിത്ത രാജ്യങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കി വലിയ ബാങ്കുകളെ സംരക്ഷിച്ച ‘ബെയ്ല്‍ ഔട്ട്’ സിദ്ധാന്തം ഇനി അനുവദിക്കാന്‍ ആകില്ല എന്ന ജി20 രാജ്യങ്ങളുടെ തീരുമാനമാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്.വായ്പകള്‍ തിരിച്ചടവില്ലാതെ പ്രതിസസിയിലാകുന്ന ബാങ്കുകള്‍ നിക്ഷേപങ്ങളില്‍ നിന്നും പണം കണ്ടെത്തി സ്വയം രക്ഷതേടണം എന്ന ‘ ബെയ്ല്‍ ഇന്‍’ സിദ്ധാന്തമാണ് എഫ്ആര്‍ഡിഐ ബില്ലിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.