സൗദിയിൽ 18 വയസ്സ് തികയാത്തവരുടെ വിവാഹത്തിന് കടുത്ത നിയന്ത്രണം

ജിദ്ദ – 18 വയസ്സ് തികയാത്തവരുടെ വിവാഹം നിരുൽസാഹപ്പെടുത്തുന്നതിന് കർക്കശ നിയമങ്ങൾ കൊണ്ടുവരാൻ ഇതേക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട സൗദി മന്ത്രിസഭാ സമിതി അഡ്‌ഹോക് കമ്മിറ്റി ശുപാർശ ചെയ്തു. പെൺകുട്ടിയുടെ വിവാഹ സമ്മതം, പെൺകുട്ടിയുടെ മാതാവിന്റെ അനുമതി പത്രം, കോടതിയുടെ അനുവാദം, മെഡിക്കൽ റിപ്പോർട്ട് തുടങ്ങിയവ നിർബന്ധമാക്കും. സൗദിയിൽ താമസിക്കുന്ന വിദേശി പെൺകുട്ടികളുടെ വിവാഹത്തിനും ഈ നിയമം ബാധകമാണ്.
പ്രായപൂർത്തായാവാത്തവരുടെ വിവാഹത്തിന് പ്രത്യേക അനുമതി ലഭ്യമാക്കേണ്ടത് നിർബന്ധമായിരിക്കും. ന്യായാധിപന്റെ അനുമതിയില്ലാതെ പ്രായപൂർത്തായാകാത്തവർ വിവാഹിതരാവുകയാണെങ്കിൽ അവർക്ക് മെഡിക്കൽ പരിശോധനാ റിപ്പോർട്ട് നൽകുന്നതിൽ നിന്ന് ആരോഗ്യ മന്ത്രാലയത്തെ വിലക്കും. നിലവിൽ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് വിവാഹത്തിന് മുമ്പായി വധൂ വരൻമാരുടെ മെഡിക്കൽ റിപ്പോർട്ട് നിർബന്ധമാണ്. കോടതിയുടെ മുൻകൂർ അനുവാദമില്ലാതെ 18 വയസ്സ് തികയാത്ത പെൺകുട്ടികളുടെ വിവാഹം നടത്തിയാൽ കടുത്ത ശിക്ഷ നൽകാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
പ്രായപൂർത്തായാവാത്ത പെൺകുട്ടിയുടെ വിവാഹത്തിന് അപേക്ഷ ലഭിച്ചാൽ ന്യായാധിപൻ പെൺകുട്ടിയെ വിളിച്ചുവരുത്തി വിവാഹത്തിന് സമ്മതമാണോയെന്ന് നേരിട്ട് ചോദിച്ചറിയണം. പെൺകുട്ടിയുടെ ഭാവിജീവിതം സുരക്ഷിതമായിരിക്കുമോയെന്നും പരിശോധിക്കണം. പെൺകുട്ടിയുടെ മാതാവിന്റെ അഭിപ്രായവും ന്യായാധിപൻ തേടേണ്ടതുണ്ട്.
വിവാഹത്തിന് ശാരീരികവും മാനസികവുമായ പക്വത കൈവരിച്ചിട്ടുണ്ടോയെന്ന് സ്വദേശി ഡോക്ടർമാരിൽ നിന്ന് മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കണം. കോടതി നിർദേശിക്കുന്ന സാമൂഹിക-മനഃശാസ്ത്ര വിദഗ്ധനിൽ നിന്ന് വധൂ വരൻമാരുടെ മാനസികനില സംബന്ധിച്ച് റിപ്പോർട്ടും വിവാഹത്തിന് നിർബന്ധമാക്കും. 18 വയസ്സ് തികയാത്ത പെൺകുട്ടിയെ മനഃശാശ്ത്ര പഠനത്തിനും കുടുംബ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ബോധ്യപ്പെടുത്തുന്നതിനുമായി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ന്യായാധിപൻ നിർദേശിക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളിൽ വെച്ചു നടക്കുന്ന വിദേശി പെൺകുട്ടികളുടെ വിവാഹത്തിൽ ഈ നിയമങ്ങൾ ബാധകമാവില്ല. ഓൺലൈൻ വിവാഹ കരാറുകളുടെ കാര്യത്തിൽ കൂടി പുതിയ നിബന്ധനകൾ ഉൾപ്പെടുത്താൻ നീതിന്യായ മന്ത്രാലയത്തോടും പ്രായപൂർത്തിയാവാത്തവരുടെ വിവാഹം നിരുൽസാഹപ്പെടുത്താനും ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്താനും ബോധവർക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയത്തോടും സമിതി ശുപാർശ ചെയ്യുന്നു.
വിവാഹത്തിന് പെൺകുട്ടികളുടെ അനുമതി ആവശ്യമാണെന്ന നിബന്ധനയുടെ പ്രാധാന്യത്തെ കുറിച്ചും പെൺകുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തെ കുറിച്ചും രക്ഷിതാക്കളെ ബോധവാൻമാരാക്കാൻ മസ്ജിദുകളിലെ ഇമാമുമാർക്കും പ്രഭാഷകർക്കും നിർദേശം നൽകാൻ മതകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാനും ശുപാർശയുണ്ട്. ശൈശവ വിവാഹം തടയുന്നതിന് 2013ൽ രാജ്യത്ത് പെൺകുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 16 ആയി നിജപ്പെടുത്തുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.പെൺകുട്ടിയുടെയും കോടതിയുടെയും അനുമതിയും മെഡിക്കൽ റിപ്പോർട്ടും നിർബന്ധമാക്കും

കടപ്പാട് : malayalamnewsdaily

Leave a Reply

Your email address will not be published.