ജിഷ വധം; പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കു കയര് ‍

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്.

2016 ഏപ്രില്‍ 28-നാണ് കൊലപാതകം നടന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡിഎന്‍എ പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. കൊലപാതകംനടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥപ്രതികള്‍ എന്നുമുള്ള വാദം തെളിയിക്കാനും പ്രതിഭാഗത്തിനായില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അമീര്‍ തന്നെയാണ് ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തിയതെന്നും കോടതി കണ്ടെത്തി.

Leave a Reply

Your email address will not be published.