വിമാനം വൈകി മന്ത്രിയോട് പൊട്ടിത്തെറിച്ച് യാത്രക്കാര്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് എട്ടിന്റെ പണി കിട്ടി

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവടക്കം‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഒന്നര മണിക്കൂറിലധികം വൈകി. യാത്ര വൈകിയതിൽ ക്ഷുഭിതരായ യാത്രക്കാര്‍ അടുത്തു കിട്ടിയ മന്ത്രിയോട് തന്നെ പ്രതിഷേധിച്ചു. ഒടുവില്‍ ബന്ധപ്പെട്ട മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷനും വിമാനത്തിലെ പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസുംനൽകി.

 

ഇന്നലെ രാവിലെ ആറ് മണിക്ക് വിജയവാഡയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാത്രക്കാരോട് കാരണമൊന്നും അറിയിക്കാതെ വൈകിയത്. മന്ത്രി ഉള്‍പ്പെടെയുള്ള യാത്രക്കാരെല്ലാം വിമാനത്തില്‍ കയറിയ ശേഷം ഒന്നര മണിക്കൂറോളം പറന്നുയരാതെ എയർ ഇന്ത്യ വിമാനം നിര്‍ത്തിയിടുകയായിരുന്നു. ഇതിൽ ക്ഷുഭിതരായ യാത്രക്കാര്‍ മന്ത്രിയോട് പ്രതിഷേധം അറിയിച്ചു. ഉടന്‍ തന്നെ എയര്‍ ഇന്ത്യ സി.എം.ഡി പ്രദീപ് ഖരോലയെ മന്ത്രി ഫോണില്‍ വിളിച്ച് കാരണം അന്വേഷിച്ചു. ഒടുവില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷനും വിമാനത്തിലെ പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ടെന്നു എയര്‍ ഇന്ത്യ വക്താവ് ജി.പി റാവു മാധ്യമങ്ങളോട് പറഞ്ഞു.

 

കാഴ്ച വ്യക്തമാവുന്നതിന് വേണ്ടിയാണ് ടേക്ക് ഓഫ് നീട്ടിവെച്ചതെന്നാണ് ടെക്നിക്കല്‍ വിഭാഗത്തിന്റെ വാദം. എന്നാല്‍ ഇവർ ഇക്കാര്യം ഗ്രൗണ്ട് ഹാന്റ്ലിങ് വിഭാഗത്തെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ കൃത്യസമയത്ത് തന്നെ പുറപ്പെടുന്നതിനായി യാത്രക്കാരെ വിമാനത്തില്‍ കയറ്റുകയായിരുന്നു. എന്നാല്‍ വിമാനത്തിലെ പൈലറ്റിന്റെ എയര്‍പോര്‍ട്ട് പാസുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ കാരണം സെക്യൂരിറ്റി വിഭാഗം അദ്ദേഹത്തെ തടഞ്ഞെന്നും ഇതാണ് വിമാനം വൈകുവാൻ കാരണമെന്നുമാണ് ചില ജീവനക്കാര്‍ ആരോപിക്കുന്നത്. പൈലറ്റ് 15 മിനിറ്റോളം വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയതുംഎന്നും പറയുന്നു.

Leave a Reply

Your email address will not be published.