അമ്പതിനായിരം രൂപ വിലയുള്ള ഹെല്‍മറ്റ് യുവാവിന്റെ ജീവനെടുത്തു

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തലയുടെ സുരക്ഷയ്ക്കായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അമ്പതിനായിരം രൂപയുടെ ഹെല്‍മറ്റ് യുവാവിന്റെ ജീവനെടുത്തു. സൂപ്പര്‍ സ്പോർട്സ് ബൈക്കില്‍ സഞ്ചരിച്ച യുവാവിന് അപകടമുണ്ടായപ്പോള്‍ കൃത്യസമയത്ത് ഈ ഹെല്‍മറ്റ് ഊരിയെടുക്കാൻ സാധിക്കാത്തതാണ് ഈ മുപ്പത് വയസുകാരന്റെ ദാരുണാന്ത്യത്തിൽ കലാശിച്ചത്.

 

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം നടന്നത്. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് രോഹിത്ത് സിങ് ഷേഖാവത്ത് എന്ന രാജസ്ഥാൻ യുവാവാണ് ദാരുണമായി മരിച്ചത്. പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയുടെ വില്‍പന വിഭാഗത്തിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു രോഹിത്ത്.

ജോലിസ്ഥലത്ത് നിന്ന് തന്റെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ചെലവിട്ട് വാങ്ങിയ കാവസാക്കിയുടെ സൂപ്പർ സ്പോർട്സ് ബൈക്ക് ആയ നിന്‍ജ ഇസഡ് എക്സ് 10 ആര് എന്ന‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടന്ന രണ്ട് പേരെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് രോഹിത്തിന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്.

 

അപകടം നടന്ന ഉടനെ ബൈക്കു മറിഞ്ഞ ശേഷം അമ്പത് മീറ്ററിലധികം ദൂരം ബൈക്ക് രോഹിത്തിനെയും വലിച്ചു കൊണ്ട് പോയി.നടു റോഡില്‍ രക്തം വാര്‍ന്ന് കിടന്ന രോഹിത്തിന്റെ തലയില്‍ നിന്ന് ഈ ഹെല്‍മറ്റ് ഊരിമാറ്റുവാൻ രക്ഷിക്കാന്‍ ഓടി കൂടിയവർ‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഹോസ്പിററലില്‍ എത്തിച്ചതിനു ശേഷം ഡോക്ടര്‍മാര് ഈ‍ ഹെല്‍മറ്റ് മുറിച്ച് മാറ്റുകയായിരുന്നു. അപ്പോഴേയ്ക്കും രോഹിത്ത് മരണത്തിനു കീഴടങ്ങിയിരുന്നു.

 

അന്‍പതിനായിരം രൂപയിലധികം ചിലവിട്ട് സ്വന്തം സുരക്ഷയ്ക്കായി വാങ്ങിയ വിദേശ നിർമിത ഹെല്‍മെറ്റാണ് യുവാവിന് കൃത്യസമയത്ത് തന്നെ ചികിത്സ ലഭ്യമാകുന്നതിന് തടസമായത്. ബൈക്കിന്റെ സ്പീഡ് വര്‍ദ്ധിക്കുമ്പോള്‍ ഇളകി ഊരി തെറിക്കാതിരിക്കാനായുള്ള രൂപകല്‍പനയാണ് ഹെല്‍മെറ്റ് ഊരി മാറ്റുന്നതിന് തടസമായത്. രോഹിത്തിന്റെ ബൈക്ക ഇടിച്ച ഒരാള്‍ക്ക് ഗുരുതര പരുക്ക് ഉണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published.