ഇനി വായുവിൽ‌ തൂങ്ങിയാടികൊണ്ട് ഭക്ഷണം കഴിക്കാം; ദുബായ് നഗരത്തിലെ ഒരു അത്ഭുത ഭക്ഷണ ശാല.

ദുബായ്: മികച്ച സൗകര്യങ്ങളുള്ള റസ്റ്റോറന്റുകളുടെ നാടായ ദുബായിൽ വായുവിൽ തൂങ്ങിയാടി കൊണ്ട് ഭക്ഷണം കഴിക്കാൻ ഒരു വറെറ്റി റസ്റ്റോറന്റ്. ദുബായ് മറീനയിലെ സ്കൈ ഡൈവിലാണ് ഡിന്നർ ഇൻ ദ് സ്കൈ എന്ന പേരിലറിയപ്പെടുന്ന ഈ സാഹസിക ഭക്ഷണശാലയുള്ളത്. ദുബായിൽ ക്രിസ്മസ്–പുതുവത്സരം ആഘോഷിക്കുന്നവർക്ക് ഡിന്നർ ഇൻ ദ് സ്കൈ പുതിയൊരു അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക.

 

വ്യത്യസ്തമായ ഇൗ ആശയത്തിന് പിന്നില്‍ ബെൽജിയൻ സ്വദേശികളാണ്. ഒരു കൂറ്റൻ ക്രെയിനുമായി ബന്ധിപ്പിച്ച ഇരുമ്പ്ക്കയറിൽ തൂങ്ങി പ്രവർത്തിക്കുന്ന ഇൗ ആകാശ റസ്റ്ററൻ്റിൽ നിന്ന് ഉച്ച ഭക്ഷണം, ചായ, വിവിധ തരം കേക്കുകൾ, രാത്രി ഭക്ഷണം എന്നിവ ആസ്വദിച്ച് കഴിക്കാം. ഒരേ സമയത്ത് 22 പേർക്കാണ് ഭൂ നിരപ്പിൽ നിന്ന് അമ്പതോളം മീറ്റർ ഉയരത്തിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ പ്രവേശനം ലഭിക്കുക. ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെയും 3.30 മുതൽ വൈകിട്ട് 5 മണി വരെയുമാണ് ഉച്ച ഭക്ഷണം. 5 മണി മുതൽ ആറര വരെ ചായ സമയം. ഏകദേശം ആറര മുതൽ രാത്രി ഭക്ഷണം ആരംഭിക്കും. പല വിഭാഗങ്ങൾയാണ് രാത്രി ഭക്ഷണ സമയം സജ്ജീകരിച്ചിട്ടുള്ളത് ആദ്യ വിഭാഗം 8.10 ന് സമാപിക്കും. തുടർന്ന് 9.50 വരെ രണ്ടാമത്തെയും 11.30 വരെ മൂന്നാമത്തെയും ഡിന്നർ . രാത്രി ഭക്ഷണത്തിനോടൊപ്പം മാജിക് ഷോയും നടത്തുന്നുണ്ട്.

സമൂഹ സൽക്കാരങ്ങൾ കൂടാതെ, ബിസിനസ് യോഗങ്ങൾ, പല തരം വിനോദ പരിപാടികൾ തുടങ്ങിയവയും ഈ ആകാശ റെസ്റ്റോറന്റിൽ നടത്താം. മറീനയുടെ വശ്യ സൗന്ദര്യം ആസ്വദിച്ചും നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടും സിനിമയും കണ്ടും കേട്ടും ഈ ഹോട്ടലിൽ സമയം ചിലവഴിക്കാം. എങ്കിലും മുതിര്‍ന്നവർക്കും ഏറ്റവും കുറഞ്ഞത് 135 സെന്റീ മീറ്ററെങ്കിലും ഉയരമുള്ള കുട്ടികൾക്കും മാത്രമേ ഈ റസ്റ്റോറന്റിലേക്ക് പ്രവേശനമുള്ളൂ. കുട്ടികളുടെ കൂടെ മുതിർന്നവർ ആരെങ്കിലും ഉണ്ടായിരിക്കുകയും വേണം. ആകാശ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനായി ആകെ ഒന്നര മണിക്കൂറാണ് നമുക്ക് ലഭിക്കുക. ആദ്യത്തെ 15 മിനിറ്റിനുള്ളിൽ ആളുകളെ അതത് സീറ്റിലിരുത്തും. തുടർന്ന് ഒരു മണിക്കൂർ നേരം ആകാശത്ത് ഭക്ഷണം കഴിക്കാം. അവസാനത്തെ 10 മിനിറ്റിനുള്ളിൽ എല്ലാവരെയും താഴെയെത്തിക്കുകയും ചെയ്യും. രാത്രി ഭക്ഷണത്തിനാണെങ്കിൽ നിങ്ങൾക്ക് ആകെ ഒരു മണിക്കൂറും 40 മിനിറ്റും ലഭിക്കും.

 

വീൽചെയറുപയോഗിക്കുന്ന ആളുകൾക്കും ഈ ആകാശ റസ്റ്റോറന്റിലേക്ക് പ്രവേശനമുണ്ട്. ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ പ്രത്യേകം പരിചരണം ആവശ്യമുള്ള ആളുകളെക്കുറിച്ച് നേരത്തെ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടത് നിർബന്ധമാണ്. അര മണിക്കൂർ മുൻപെങ്കിലും സ്ഥലത്തെത്തിയാൽ മാത്രമേ പറക്കും റസ്റ്റോറന്റില്‍ നിങ്ങൾക്ക് കയറാൻ സാധിക്കൂ. വൈകിയെത്തുന്നവർക്ക് തങ്ങളുടെ പണം നഷ്ടമാകും. സുരക്ഷിതമായ ജർമൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇൗ റസ്റ്റോറന്റ് നിർമിച്ചിട്ടുള്ളതെന്ന് അധികൃതർ പറയുന്നു.

ദുബായ് നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ തയ്യാറാക്കിയ ഭക്ഷണമാണ് ഇവിടെ വരുന്നവർക്ക് വിളമ്പുക. ബോളിവുഡ് താരം ഋത്വിക് റോഷനടക്കമുള്ള സിനിമ മേഖലയിലുള്ളവരും പ്രമുഖ ബിസിനസ്സുകാരും ഇവിടം സന്ദർശിച്ചു കഴിഞ്ഞു. ഞായർ മുതൽ വ്യാഴം വരെ 599 – 749 ദിർഹം വരെയാണ് റസ്റ്റോറന്റിലേക്കുള്ള നിരക്ക്. വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ഈ നിരക്ക് കൂടും699 – 849 ദിർഹം വരെ നിരക്ക് വർധിക്കും. ഈ ആകാശ റസ്റ്റോറന്റിൽ കയറാൻ താത്പര്യമുള്ളവർക്ക് ഒാൺലൈനിലൂടെ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

 

ലോകത്തെ പ്രധാനപ്പെട്ട 40 നഗരങ്ങളിൽ നിന്നായി നിത്യേന അയ്യായിരത്തോളം ഭക്ഷണം വിളമ്പുന്ന വൻകിട പദ്ധതിയാണ് ഡിന്നർ ഇൻ ദ് സ്കൈയിൽ ഒരുക്കിയിട്ടുള്ളത്. ദുബായ് നഗരത്തിനു പുറമെ, കോലാലംപൂർ ടവർ, റോമിലെ വില്ലാ ബോർഗീസ്, ഏദൻസിലെ കോപകബാന, കേപ് ടൗൺ തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ഡിന്നർ ഇൻ ദ് സ്കൈ റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഫോർബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ പ്രത്യേകതയുള്ള 10 റസ്റ്റോറന്റുകളുടെ പട്ടികയിൽ ഡിന്നർ ഇൻ ദ് സ്കൈയും ഇടം പിടിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.