ഇന്‍ഷുറന്‍സില്ലെങ്കില്‍ സൗദിയില്‍ വാഹനങ്ങള്‍ക്ക് 150 റിയാല്‍വരെ പിഴ ഈടാക്കും

റിയാദ്: വാഹനങ്ങൾക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത് നിയമലംഘനമാണെന്നും 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള വളരെ സാവകാശം വാഹനമോടിക്കുന്നതും നിയമ ലംഘനമാണ് എന്ന് അറിയിച്ചു. ഇനി മുതൽ നിയമ ലംഘനം നടത്തുന്നവര്‍ക്ക് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴയായി ലഭിക്കും.

കുട്ടികള്‍ക്കായി ബേബി സീറ്റ് ഇല്ലാതിരിക്കുന്നതും 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളിൽ പെട്ടതാണ്.  റോഡുകളില്‍ നിന്ന് ഒട്ടകങ്ങള്‍,ആട് പോലുള്ള മൃഗങ്ങളെ അകറ്റി നിര്‍ത്താതിരിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം ഇത്തരത്തില്‍ 5,160 നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങളുടെ ഭാഗമായിട്ടുള്ള ക്യാമറകള്‍ നിലവിലുള്ള റോഡുകളിലെല്ലാം ഇക്കാര്യം അറിയിക്കുന്ന തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്കു ശേഷമാണ് എല്ലാ റോഡുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

എക്‌സ്പ്രസ്‌വേകളിലെയും ഹൈവേകളിലെയും ചെക്ക് പോസ്റ്റുകളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നിയമപരമായ ഒരു തടസവുമില്ലെന്ന് ഹൈവേ പോലീസ് സേന വ്യക്തമാക്കി. രാജ്യത്ത് വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വരുന്നതോടുകൂടി വനിതാ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതായി വരും. ഹജ്ജ് കാലത്ത് മക്കക്കു സമീപത്തുള്ള ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടി വനിതകളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാറുണ്ട്.

 

വനിതാ ഡ്രൈവര്‍മാരുടെ രേഖകള്‍ എല്ലാം പരിശോധിക്കുക, അവരുടെ വാഹനങ്ങള്‍ പരിശോധിക്കുക, ദേഹപരിശോധന നടത്തുക, രാജ്യത്തെ നിയമ ലംഘകരെയും കുറ്റവാളികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. ഇവർക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കിയ ശേഷം വനിതാ ഉദ്യോഗസ്ഥരെ സുരക്ഷാ, സൈനിക തസ്തികകളില്‍ നിയമിക്കുന്നതിനും നിയമപരമായ വിലക്കില്ല എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

രാജ്യത്തെ നഗരങ്ങള്‍ക്കു പുറത്തുള്ള ഹൈവേകളിലും എക്‌സ്പ്രസ്‌വേകളിലും വനിതാ പട്രോളിംഗ് യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും യാതൊരു തടസ്സവുമില്ല. എന്നാല്‍ തുടക്കത്തില്‍ ചെക്ക് പോസ്റ്റുകളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ഹൈവേ പട്രോള്‍ പോലീസ് കേന്ദ്രങ്ങളിലും പരിശീലനം ലഭിച്ച വനിതകളെ നിയമിക്കുമെന്ന് ഹൈവേ പോലീസ് സേന അറിയിച്ചു.

Leave a Reply

Your email address will not be published.