ഉരീദു 5 ജി നെറ്റ്‌വര്‍ക്ക് പരീക്ഷണത്തില്‍; ആദ്യ ഉപഭോക്താവ് ഖത്വര്‍ എയര്‍വേയ്‌സ് എന്നു സൂചന

രാജ്യത്തെ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യകളിൽ പുതിയൊരു ചരിത്രം കൂടി സൃഷ്ടിച്ച് കൊണ്ട് ഉരീദുവിന്റെ അഞ്ചാം തലമുറ (5G) ഇന്റര്‍നെറ്റ് സേവനത്തിന്റെ വാണിജ്യാധിഷ്ഠിത തരത്തിലുള്ള പരീക്ഷണം ആരംഭിച്ചു.

 

രാജ്യത്തിന്റെ രഹസ്യപ്രദേശത്ത് ലഭ്യമാക്കിയ 5 ജി യുടെ ഗുണഭോക്താവ് തങ്ങളുടെ ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സ് ആണ്. പ്രീ സ്റ്റാന്‍ഡേര്‍ഡൈസ് പരീക്ഷണം വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണെന്നു ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. 5 ജിയുടെ ലാബ് പരിശോധനകള്‍ കഴിഞ്ഞ നവംബറില്‍ തന്നെ ആരംഭിച്ചിരുന്നു. മികച്ച വേഗതയിലുള്ള 5 ജി നെറ്റ്‌വര്‍ക്ക് വൈകാതെ രാജ്യത്ത് ഉപഭോക്താക്കൾക്ക് ഉപയോഗിച്ചു തുടങ്ങാനാകും.

 

ഇന്റർനെറ്റ് വേഗത്തിനൊപ്പം ശേഷി, അതിവേഗ പ്രതികരണം എന്നിവയെല്ലാം ഇതിലൂടെ വര്‍ധിക്കും. ഔദ്യോഗികമായി രാജ്യത്ത് 5 ജി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ ദേശീയ വിമാനമായ ഖത്വര്‍ എയര്‍വേയ്‌സുമായി ചേര്‍ന്ന് നടത്തി വരുന്നതെന്ന് കമ്പനി അറിയിച്ചു. മേഖലയില്‍ ആദ്യമായിട്ടാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ സേവനം ഉപയോഗത്തിനായി ലഭ്യമാകുന്നത്.

 

ഉരീദുവിന്റെ സൂപ്പര്‍നെറ്റ് ശേഷി ഉയര്‍ത്തികൊണ്ടാണ് 5 ജിയാക്കി പരീക്ഷണ പ്രദേശത്ത് വികസിപ്പിച്ചത്. രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ സ്രോതസ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനും സുഗമമായി ഉപയോഗിക്കുന്നതിനും ഈ 5 ജി നെറ്റ്‌വര്‍ക്ക് സഹായകമാകുമെന്ന് ഉരീദു സി ഇ ഒ വലീദ് അല്‍ സായിദ് മാധ്യമങ്ങളോട് പറഞ്ഞു.

 

ഖത്തറിന്റെ‍ ഡിജിറ്റല്‍ ഇക്കോണമി രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നതാകും ഈ നടപടി. ബിസിനസ് ഉപഭോക്താക്കള്‍ക്ക് വമ്പിച്ച സാധ്യതകളാണ് ഇതോടെ കൈവറിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ കോര്‍പേറേറ്റ് കമ്പനി ഉപഭോക്താക്കള്‍ക്ക് റേഡിയോ ടെക്‌നോളജി എന്ന സംവിധാനം വഴി ഫൈവ് ജി സേവനം ഉപയോഗിക്കുവാൻ സാധിക്കും.

ലോകത്ത് വച്ച് മികച്ചതും അത്യാധുനികവുമായ നെറ്റ്‌വര്‍ക്ക് സൗകര്യം നല്‍കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. ഏറ്റവും മികച്ച ഫൈവ് ജി ഉപകരണങ്ങള്‍, സോഫ്റ്റ്‌വെയറുകൾ, സ്‌പെക്ട്രം ആവശ്യങ്ങള്‍ തുടങ്ങിയ ഫൈവ് ജി സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും ഉരീദു കമ്പനി വന്‍തോതില്‍ നെറ്റവർക്ക് നിക്ഷേപം നടത്തി വരുന്നുണ്ട്.

 

രാജ്യത്ത് പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചു കൊണ്ട് 5 ജി ഉപയോഗത്തില്‍ വരുമ്പോള്‍ രാജ്യത്തെ ആദ്യ ഉപഭോക്താവാകാന്‍ ഭാഗ്യം ലഭിച്ച ഖത്വര്‍ എയര്‍വേയ്‌സിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ രാജ്യത്തെ എല്ലാ ഉരീദു ഉപഭോക്താക്കള്‍ക്കുമായി സേവനം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഡ്രൈവറില്ലാത്ത കാര്‍, സ്മാര്‍ട്ട് റോഡുകള്‍, വിര്‍ച്വല്‍ ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുവാനുള്ള സൗകര്യംകൂടിയാണ് ഉരീദു 5 ജിയിലൂടെ ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published.