റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഇന്ത്യക്കാർ ഈ വർഷം നടത്തിയത് 2094 കോടിയിലധികം ദിർഹത്തിന്റെ ഇടപാട്.

ദുബായ്: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യക്കാർ ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലത്തിനിടക്ക്‌ 2094 കോടി ദിർഹത്തിന്റെ ഇടപാട് നടത്തിയെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. 7810 ൽ അധികം നിക്ഷേപങ്ങളിലൂടെയാണിത്. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ (ഡി.എൽ.ഡി) റിയൽ എസ്റ്റേറ്റ് സ്റ്റഡീസ് ആൻഡ് റിസർച് വിഭാഗം വകുപ്പാണു ഈ കണക്കുകൾ പുറത്തുവിട്ടത്.

 

ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 1295 ഇന്ത്യക്കാരായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണു ജോലി ചെയ്യുന്നത്. ഇവർക്കു ഇടപാടിന്റെ കമ്മിഷനായി 22.6 കോടി ദിർഹമാണു ലഭിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. രണ്ടു ശതമാനമാണു ഇവർക്ക് കമ്മിഷൻ നൽകുന്നത്. ഇതിനിടെ, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ ഇന്ത്യൻ നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കാനായി ക്യു4 കൺസൽറ്റന്റ്സുമായി ഡി.എൽ.ഡി കരാറിലെത്തി. ഡി.എൽ.ഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മെർജൻ, ക്യു4 കൺസൽറ്റന്റ്സുമായി ഡി.എൽ.ഡി കരാറിലെത്തി. ഡി.എൽ.ഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മെർജൻ, ക്യു4 കൺസൽറ്റന്റ്സിനായി ദീപക് ബത്ര എന്നിവരാണു ഈ കരാറിൽ ഒപ്പുവച്ചത്.

 

ലോകത്തിലെ തന്നെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് കേന്ദ്രമായി വളർന്നു വരാനുള്ള ദുബായുടെ ശ്രമങ്ങൾക്ക് ക്യു4 കൺസൽറ്റന്റ്സ് ശക്തമായ പിന്തുണ നൽകും. ‘റിയൽ എസ്റ്റേറ്റ് പ്രമോഷൻ ട്രസ്റ്റി’ എന്ന സ്ഥാനമാണ് ഡി.എൽ.ഡി കൺസൽറ്റൻസി സ്ഥാപനത്തിനു നൽകിയിട്ടുള്ളത്. ഇന്ത്യൻ നിക്ഷേപകർക്കു ദുബായ് ഏറെ പ്രാധാന്യവും പ്രോത്സാഹനവും നൽകുന്നുണ്ടെന്നു ഡയറക്ടർ ജനറൽ പറഞ്ഞു. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നവരിൽ ഏറെ മുന്നിലാണ് ഇന്ത്യക്കാർ. രാജ്യാന്തര രംഗത്തു നിക്ഷേപത്തിനുള്ള അവസരങ്ങൾ തേടി കൊണ്ടിരിക്കുന്ന ഇന്ത്യക്കാർക്കു ദുബായ് മികച്ച സ്ഥലമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

 

വിദേശങ്ങളിൽ നിന്നും പ്രാദേശികമായും റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ കൂടുതൽ നിക്ഷേപം എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഈ പുതിയ കരാറെന്നു റിയൽ എസ്റ്റേറ്റ് നിക്ഷേപ വിഭാഗം അസി. ഡയറക്ടർ ജനറൽ മജീദ അലി റാഷിദ് മാധ്യമങ്ങളോട് പറഞ്ഞു.

 

ദുബായിലെ വൻ നിക്ഷേപ അവസരങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും കൂടുതലായി ജനങ്ങളെ അറിയിക്കാൻ ഈ അവസരം ഉപയോഗപെടുത്തുമെന്നു ദീപക് ബത്ര അറിയിച്ചു. അവരവർക്ക് ഇഷ്ടമുള്ള ഭാഷകളിൽ ഇത്തരം കാര്യങ്ങൾ വിശദീകരിച്ചു നൽകും. ദുബായിലെ പുതിയ നിക്ഷേപ സാഹചര്യങ്ങൾ, ഇന്ത്യക്കാരുടെ ദുബായിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം, സംരക്ഷണം തുടങ്ങിയ വിവരങ്ങൾ നിക്ഷേപകർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.