കഴിഞ്ഞ ഒമ്പതു മാസത്തിനിടക്ക് മൂന്നു ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

റിയാദ്: കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന മൂന്നു ലക്ഷത്തിലേറെ വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) അറിയിച്ചു.

ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിൽ ജോലിയെടുത്തിരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം രണ്ടു ശതമാനം കുറഞ്ഞു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഏകദേശം 1,27,740 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതോടെ സ്വകാര്യ മേഖലകളിൽ വിദേശ ജീവനക്കാരുടെ എണ്ണം 81.9 ലക്ഷമായി കുറഞ്ഞു. 2017 ജനുവരി ആദ്യ വാരം മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലത്ത് സ്വകാര്യ മേഖലകളിൽ 3,06,600 വിദേശികൾക്ക് തങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു.

മൂന്നാം പാദത്തിൽ സൗദികളും വിദേശികളുമടക്കമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഒരു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിന്റെ അവസാനത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് സൗദികളും വിദേശികളും അടക്കം 98.7 ലക്ഷം തൊഴിലാളികളാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്.

ഗോസി രജിസ്‌ട്രേഷനുള്ള സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന ജീവനക്കാരിൽ 83 ശതമാനം വിദേശികളും 17 ശതമാനം സ്വദേശികളുമാണ്. ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ ഒരു ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിൽ 15,960 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ പുതുതായി ജോലി ലഭിച്ചു. മൂന്നാം പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് സ്വകാര്യ മേഖലയിൽ ഏകദേശം 16.9 ലക്ഷം സൗദികളാണ് ജോലി ചെയ്യുന്നത്.

സൗദി ജീവനക്കാരിൽ 46 ശതമാനം ജീവനക്കാരുടെയും വേതനം മൂവായിരം റിയാലിൽ കൂടില്ല. 7,69,200 സൗദികൾ ഇത്തരം ഗണത്തിൽപെട്ട ജീവനക്കാരാണ്. പതിനായിരമോ അതിൽ കൂടുതലോ റിയാൽ വേതനം ലഭിക്കുന്ന 2,18,200 സൗദികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരിൽ 13 ശതമാനം ജീവനക്കാർക്കു പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്നുണ്ട്.

വിദേശ ജീവനക്കാരിൽ 88 ശതമാനം ആലികളുടെയും വേതനം മൂവായിരം റിയാലിൽ കൂടില്ല. ഏകദേശം 72 ലക്ഷതോളം പേർ ഈ ഗണത്തിൽ പെട്ടവരാണ്. പതിനായിരമോ റിയാലും അതിൽ കൂടുതലോ റിയാൽ വേതനം ലഭിക്കുന്ന 2,48,400 വിദേശ തൊഴിലാളികൾ സ്വകാര്യ മേഖലയിലയിൽ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലകളിലെ വിദേശ ജീവനക്കാരിൽ മൂന്നു ശതമാനം പേർ ഈ വിഭാഗത്തിൽ പെട്ടവരാണ്.

ഏറ്റവും കൂടുതൽ ജീവനക്കാറുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ സ്വകാര്യ മേഖലകളിൽ 34 ലക്ഷം പേർ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാരിൽ 35 ശതമാനവും റിയാദ് പ്രവിശ്യയിലാണെന്നും ഗോസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.