വിദേശികൾക്കായി പുതിയ ലെവി അടുത്ത മാസം മുതൽ -ധന മന്ത്രാലയം

പുതിയ സമ്പ്രദായം സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ചെലവ് വർധിക്കും

റിയാദ്: സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നേരത്തെ പ്രഖ്യാപിച്ച പുതിയ ലെവി സമ്പ്രദായം ഈ വരുന്ന ജനുവരി ആദ്യം മുതൽ തന്നെ നടപ്പാക്കുമെന്ന് ധന കാര്യ മന്ത്രാലയം വ്യക്തമാക്കി. 2018 ലെ തങ്ങളുടെ ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിദേശികൾക്ക് പകരമായി സ്വദേശികളെ നിയമിക്കുവാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രാലയ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

 

സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക് അടുത്ത മാസം മുതൽ ഒരു വിദേശിക്ക് പ്രതിമാസം 400 റിയാലും 2019 ൽ ഇത് 600 റിയാലും 2020 ൽ ഇത് 800 റിയാലുമാണ് ലെവിയായി നൽകേണ്ടത്. വിദേശി ജീവനക്കാരുടെ എണ്ണം സ്വദേശി ജീവനക്കാരേക്കാൾ കുറവാണെങ്കിൽ 2018 ൽ 300 റിയാലും 2019 ൽ ഇത് 500 റിയാലും 2020 ൽ 700 ഇത് റിയാലും ആയി കമ്പനികൾ അടയ്ക്കണം. പുതിയ ലെവി സമ്പ്രദായം നിലവിൽ വരുന്നതോടെ പല സ്വകാര്യ കമ്പനികളും വൻതോതിൽ സ്വദേശികളെ ജോലിക്ക് നിയമിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

എന്നാൽ വിദേശികൾക്ക് ലെവി നടപ്പാക്കുന്നതിന്റെ രീതിയെ കുറിച്ച് ഇപ്പോഴും വ്യക്തമായ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല. വിദേശി ജീവനക്കാരുടെ ഇഖാമ പുതുക്കുന്നതിന് ലെവിയും ലേബർ കാർഡ് ഫീസുമടക്കം 2500 ഉം ജവാസാത്തിനുള്ള 650 ഉം ഉൾപ്പെടെ 3150 റിയാലാണ് നിലവിൽ സർക്കാരിലേക്ക് നൽകേണ്ടത്. ഈ തുക അടച്ച് ചില സ്ഥാപനങ്ങൾ 2018 ലേക്കുള്ള ഇഖാമകൾ പുതുക്കി വരുന്നുണ്ട്.

 

ധന മന്ത്രാലയം പുതിയ ലെവിയായി അവതരിപ്പിക്കുന്നത് പ്രതിമാസം 400 റിയാൽ എന്ന തോതിലാണ്. നേരത്തെയുണ്ടായിരുന്ന 200 റിയാൽ ലെവി ഇതിൽ ഉൾപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല. നേരത്തെയുണ്ടായിരുന്ന ലെവി അടക്കമാണ് 400 റിയാലെങ്കിൽ സ്ഥാപനങ്ങൾ ഏകദേശം 2400 റിയാൽ അധികം അടച്ചാൽ മതിയാകും. അല്ലാത്ത പക്ഷം പുതിയ ലെവിയായി ഒരു തൊഴിലാളിയുടെ പേരിൽ 4800 റിയാലാണ് പ്രതിവർഷം സർക്കാരിലേക്ക് അടയ്‌ക്കേണ്ടിവരിക. ഇത് പല കമ്പനികൾക്കും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കി വയ്ക്കും.

 

ആശ്രിത ലെവി നടപ്പാക്കിയ രീതിയിൽ തന്നെയായിരിക്കും പുതിയ ലെവിയും നടപ്പാക്കുകയെന്നാണ് കിട്ടിയ വിവരം. വരുന്ന ജനുവരി മാസം മുതൽ റീ എൻട്രി അടിക്കുന്ന സമയത്തോ ഇഖാമ പുതുക്കുന്ന സമയത്തോ ആയിരിക്കും സ്ഥാപനങ്ങൾ ഈ ലെവി അടയ്‌ക്കേണ്ടത്. വിദേശി തൊഴിലാളികളല്ല മറിച്ച് സ്ഥാപനങ്ങളാണ് തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഈ ലെവി അടയ്‌ക്കേണ്ടതെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കി.

 

അതേസമയം മൂല്യവർധിത നികുതികൾക്കൊപ്പം വിദേശികൾക്കു മേൽ ചുമത്തിയ ലെവിയെയും സ്വീകരിക്കാൻ കമ്പനികൾ തങ്ങളുടെ ഒരുക്കങ്ങൾ തകൃതിയാക്കി. പല കമ്പനികളും ആവശ്യത്തിലധികമുള്ള വിദേശി ജീവനക്കാരെ പിരിച്ചുവിട്ടും സ്വദേശികളായ ജീവനക്കാരെ നിയമിച്ചുമാണ് ചെലവു ചുരുക്കൽ നടപടിയിലേക്ക് നീങ്ങുന്നത്. എന്നാൽ നിർമാണ, ഉൽപാദന മേഖലയിലുള്ള പല കമ്പനികളും റിക്രൂട്ട്‌മെന്റും പുതിയ ജീവനക്കാരുടെ നിയമനവും നിർത്തിവെച്ച് നിലവിൽ പൂർത്തിയാക്കാനുള്ള പ്രോജക്ടുകളുമായി മുന്നോട്ട് പോവുകയാണ്. മറ്റു ചില കമ്പനികൾ ചില മാൻ പവർ കമ്പനികളുമായി കരാറിലൊപ്പുവെച്ച് നിലവിലെ തങ്ങളുടെ പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിനുള്ള ശ്രമം നടത്തിവറികയാണ്.

കഴിഞ്ഞ ഒമ്പതു മാസങ്ങൾക്കിടെ സ്വകാര്യ മേഖലയിൽ നിന്നു മൂന്നു ലക്ഷത്തിലേറെ വിദേശികൾക്ക് തങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സ്വദേശി മാനേജ്‌മെന്റിന് കീഴിലുള്ള മിക്ക കമ്പനികളും അത്യാവശ്യ ജോലികൾക്ക് മാത്രമേ വിദേശികളെ നിയമിക്കുന്നുള്ളൂ. മറ്റെല്ലാ തസ്തികകളിലും സ്വദേശി ജീവനക്കാരെ നിയമിച്ച് പരിശീലനം നൽകുകയാണ് ചെയ്യുന്നത്.

 

അഡ്മിനിസ്‌ട്രേഷൻ, സെക്രട്ടറി, റിസപ്ഷൻ, ഫൈനാൻസ്, അക്കൗണ്ടിംഗ് തുടങ്ങി തങ്ങളുടെ വിവിധ തസ്തികകളിൽ കമ്പനികൾ സ്വദേശി ജീവനക്കാരെ നിയമിച്ചുവരികയാണ്.
പുതിയ ലെവി സമ്പ്രദായം നടപ്പാക്കുക വഴി തങ്ങളുടെ വരുമാനം വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഏകദേശം 2018 ൽ 24 ബില്യൺ റിയാലും 2019 ൽ 44 ബില്യൺ റിയാലും 2020 ൽ 65 ബില്യൺ റിയാലും സർക്കാർ വരുമാനം പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച സർക്കാർ അവതരിപ്പിക്കുന്ന ബജറ്റിൽ ലെവി അടയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങൾക്ക് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.