സബ്‌സിഡികൾ എടുത്തുകളയൽ; സൗദിക്ക് 20,900 കോടി റിയാലിന്റെ ലാഭം

റിയാദ്: ഇന്ധനങ്ങൾക്കും വൈദ്യുതിക്കും നൽകിയിരുന്ന സബ്‌സിഡികൾ എടുത്തുകളയുന്ന തീരുമാനത്തിലൂടെ 2020 വരെയുള്ള കാലത്ത് പ്രതിവർഷം 209 ബില്യൺ (20,900 കോടി) റിയാൽ ലാഭിക്കുന്നതിന് സാധിക്കുമെന്ന് സൗദിയിലെ സാമ്പത്തിക വിദഗ്ധർ പറഞ്ഞു.

 

കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പ്രഖ്യാപിച്ച ധനസന്തുലന പദ്ധതിയുടെ ഭാഗമായിട്ടാണ് സബ്‌സിഡികൾ എടുത്തുകളയുവാൻ സർക്കാർ തീരുമാനിച്ചത്. ഏകദേശം 2020 ഓടെ മിച്ചവും കമ്മിയുമില്ലാത്ത സന്തുലിത ബജറ്റ് ആണ് ധനസന്തുലന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഈ പദ്ധതി സാമ്പത്തിക മേഖലകളിൽ ആഘാതമുണ്ടാകാതെ നോക്കുന്നതിന്, പരിഷ്‌കരണങ്ങൾക്ക് വേഗത കുറച്ച് ഈ ലക്ഷ്യം കൈവരിക്കുന്നത് 2023 വരെ നീട്ടിവെച്ചേക്കുമെന്ന് സൗദി ധനമന്ത്രി അടുത്തിടെ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

 

നിലവിലെ സർക്കാർ സബ്‌സിഡിയുടെ 37 ശതമാനം ഡീസലിനും 23 ശതമാനം വൈദ്യുതി ഉൽപാദനത്തിനുള്ള അസംസ്‌കൃത എണ്ണക്കും 18 ശതമാനം പെട്രോളിനും 11 ശതമാനം ഗ്യാസിനും അഞ്ചു ശതമാനം ഹെവി ക്രൂഡ് ഓയിലിനുമാണ് സൗദി ചെലവഴിക്കുന്നത്. 2015 ൽ സബ്‌സിഡി ഇനത്തിലായി 30,000 കോടി റിയാൽ സർക്കാർ ചെലവഴിച്ചു എന്നാണ് കണക്ക്. ഇത്തരം സബ്‌സിഡികൾ എടുത്തുകളയുന്നത് വൈദ്യുതി, ഇന്ധന, ജല ഉപഭോഗം നിയന്ത്രിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കും.

 

സർക്കാർ സബ്‌സിഡികൾ എടുത്തുകളയുന്നതിലൂടെ ഊർജ, ജല, വൈദ്യുത മേഖലയിൽ നിന്നു മാത്രം പ്രതിവർഷം 209 ബില്യൺ റിയാൽ ലാഭിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദിയിലെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.