ജിദ്ദ: യൂനിഫോം ധരിക്കാത്ത ടാക്സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം. ടാക്സിയില്‍ മീറ്റര്‍ ഘടിപ്പിച്ചിട്ടില്ലെങ്കില്‍ 5,000 റിയാലാണ് പിഴയെന്നും പബ്ലിക് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഇന്‍സ്പെക്ടര്‍ ബകര്‍ ഹൗസാവി അറിയിച്ചു.
അകവും പുറവും വൃത്തിയായി സൂക്ഷിക്കാത്ത ടാക്സികള്‍ക്കും പിഴയീടാക്കാന്‍ വകുപ്പുണ്ട്. 500 റിയാല്‍ വരെ ഇതിന് നല്‍കേണ്ടിവരും. ‘ടാക്സി റിയാദ്’, ‘ടാക്സി ജിദ്ദ’ എന്നിങ്ങനെ വാഹനത്തിന് മുകളില്‍ പിടിപ്പിക്കുന്ന ടോപ്സൈന് വ്യക്തമാകാതിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്താലും പിഴ വരും. ആയിരം റിയാല്‍ വരെ ഡ്രൈവറില്‍ നിന്ന് ഇൗടാക്കും.
കമ്ബനി ലൈസന്‍സ് വിവരങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാതിരിക്കുക, ഫസ്റ്റ് എയ്ഡ് കിറ്റ്, അഗ്നിശമന ഉപകരണം എന്നിവ കരുതാതിരിക്കുക എന്നിവയും നടപടി ക്ഷണിച്ചുവരുത്തുന്നതാണ്. 1,500 റിയാല്‍ വരെ പിഴ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവ. വാഹനത്തിെന്റ ക്ഷമതയും സുരക്ഷാസംവിധാനങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളുവെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.