ഗള്‍ഫ് രാജ്യങ്ങളില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളും നിയമനടപടി നേരിടേണ്ടിവരും

  • കഴിഞ്ഞ ഒരുമാസത്തിനിടയില്‍ നോട്ടീസ് ലഭിച്ചത് നിരവധി ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക്,

ദുബൈ: ജി സി സി രാജ്യങ്ങളില്‍ വാട്ട്സ് ആപ്പ് നേരാംവണ്ണം ഉപയോഗിച്ചില്ലെങ്കില്‍ ആപ്പിലാകും. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ അധികൃതര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഗള്‍ഫിലെ നിയമം അനുസരിച്ച്‌ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം സമാഹരിക്കാന്‍ പാടില്ല. എന്നാല്‍ നിരവധി ഗ്രൂപ്പുകള്‍ വഴി കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ സ്വരൂപിച്ചതായി അധികൃതര്‍ കണ്ടെത്തി.

 

നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും, ചര്‍ച്ചകളും നടക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ വിളിച്ചുവരുത്തി ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉണ്ടാകുന്ന ശിക്ഷകളെ കുറിച്ച്‌ ക്ലാസെടുക്കുകയും, വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ 72 മണിക്കൂറിനകം ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു. തുടക്കത്തില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ചെയ്യുന്നത്. പിന്നീട് ഇതു തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് യു എ ഇയിലെ ഒരു നിയമ വിദഗ്ധന്‍ കെവാര്‍ത്തയോട് വെളിപ്പെടുത്തിയത്.

 

കാസര്‍കോടിന്റെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചിരുന്നു. പലര്‍ക്കും അവരുടെ ഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചകളുടെയും പിരിവ് സംബന്ധിച്ചുള്ള കണക്കുകളുടെയും തെളിവുകള്‍ നിരത്തി കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഗ്രൂപ്പുകള്‍ പിരിച്ചുവിടാനാണ് നിര്‍ദേശം നല്‍കിയത്. പിന്നീട് താക്കീത് നല്‍കിയാണ് ഇവരെ പോകാന്‍ അനുവദിക്കുന്നത്.

 

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പക്ഷംപിടിച്ച്‌ അഭിപ്രായം പ്രകടിപ്പിക്കുന്നതിനെയും ചില രാജ്യങ്ങളെ പുകഴ്ത്തുകയും ചില രാജ്യങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന്റെ വിവരങ്ങള്‍ ശേഖരിച്ചും നോട്ടീസ് നല്‍കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പുകള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ സുഹൃത്തുക്കളോടും മറ്റും പങ്കുവെച്ചതോടെ ഇത്തരം ഗ്രൂപ്പുകള്‍ പലരും പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ചാരിറ്റി ഗ്രൂപ്പുകളെയും സ്വതന്ത്ര ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പുകളെയുമാണ് പ്രധാനമായും പോലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നത്.

 

 

വാട്ട്സ് ആപ്പ് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ ബന്ധപ്പെട്ട അധികൃതര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ പലരും അതത്ര കാര്യമാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് നോട്ടീസും, മുന്നറിയിപ്പും നല്‍കിയതോടെ പലരും അമ്ബരന്നിരിക്കുകയാണ്.

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പോലീസ് നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്:

1. വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പണം സ്വരൂപിക്കാന്‍ പാടില്ല

2. വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ വഴി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, അതിനായി പണം സ്വരൂപിക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

3. പരസ്പരം ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ നടത്താന്‍ പാടില്ല.

4. വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി സംഘടിക്കാനുള്ള/യോഗം ചേരാനുള്ള ആഹ്വാനം നടത്താന്‍ പാടില്ല

5. ഒരു വ്യക്തിയെയോ, ഒരു സമൂഹത്തെയോ, ഒരു രാജ്യത്തെ ഇക്ഴ്ത്താന്‍ പാടില്ല.

6. സത്യസന്ധമല്ലാത്ത വാര്‍ത്തകളും, അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഗള്‍ഫിലെ നിയമം അനുസരിച്ച്‌ ശിക്ഷാര്‍ഹമാണ്.

7. അപകടത്തിന്റെ ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കാന്‍ പാടില്ല.

8. സോഷ്യല്‍ മീഡിയയിലെ ഒരാളുടെ സ്വകാര്യത ലംഘിക്കുന്നതും ശിക്ഷാര്‍ഹമാണ്. അത് ഭാര്യ – ഭര്‍ത്താക്കന്‍മാര്‍ തമ്മിലായാലും. ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചതിന് അജ്മാനില്‍ യുവതിക്ക് 1,50,000 രൂപ പിഴയടക്കാനും, നാടുകടത്താനും കോടതി ശിക്ഷ വിധിച്ചിരുന്നു. സമ്മതമില്ലാതെ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് വഴി തന്റെ ഫോണിലേക്ക് കൈമാറിയതിനായിരുന്നു യുവതിയെ ശിക്ഷിച്ചത്.

ഇതുകൂടാതെ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും, വിമാനങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, കൊട്ടാരങ്ങള്‍, റിസോര്‍ട്ട്, കോടതി എന്നിവയുടെ ചിത്രങ്ങളെടുക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലെ നിയമം അനുസരിച്ച്‌ ശിക്ഷാര്‍ഹമാണ്.

Leave a Reply

Your email address will not be published.