സൗദിയില്‍ 22.7 ലക്ഷം; യുഎഇയില്‍ 33.1 ലക്ഷം : ഗള്‍ഫില്‍ മാത്രം 89 ലക്ഷം ഇന്ത്യന്‍ പ്രവാസികളുള്ളതായി കണക്ക്

ഐക്യരാഷ്ട്ര സഭയുടെ 2017ലെ അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ട് പ്രകാരം 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായിട്ടുള്ളത്. ഇതില്‍ പകുതിയിലധികം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്. റിപ്പോര്‍ട്ടില്‍, തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം.

 

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത് യു.എ.ഇലാണ്. 33.1 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യുഎഇയിലുള്ളത്. 2000ത്തില്‍ ഇത് 978,992 പേരായിരുന്നു. രണ്ടാമതുള്ളത് അമേരിക്കയിലാണ്. 23 ലക്ഷം ഇന്ത്യക്കാരുണ്ട് യുഎസില്‍. 2000ത്തില്‍ 10.4 ലക്ഷം പേരായിരുന്നു ഉള്ളത്.
ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം 89 ലക്ഷം ഇന്ത്യക്കാരുണ്ട്.

 

സൗദി അറേബ്യയില്‍ 22.7 ലക്ഷവും ഒമാനില്‍ 12 ലക്ഷവും കുവൈത്തില്‍ 11.6 ലക്ഷം പ്രവാസികളുമാണ് ഉള്ളത്. മറ്റുരാജ്യങ്ങളിലാകെ 52 ലക്ഷം ഇന്ത്യക്കാരാണുള്ളതെന്നും കണക്കുകള്‍ പറയുന്നു.

 

ഇന്ത്യക്കു തൊട്ടുപിന്നില്‍ 13 ദശലക്ഷം പേര്‍ വിദേശത്തുള്ള മെക്സിക്കോ ആണ്. ദശലക്ഷക്കണക്കെടുത്താല്‍ റഷ്യ–11, ചൈന–10, ബംഗ്ലാദേശ്–7 , സിറിയ–7, പാക്കിസ്ഥാന്‍–6, യുക്രെയന്‍–6 എന്നിങ്ങനെയാണിത്. 60 ശതമാനം ഇന്ത്യക്കാരും കുടിയേറിയിട്ടുള്ളത് വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലേക്കാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

 

യൂറോപ്പില്‍ 13 ലക്ഷം ഇന്ത്യക്കാരുണ്ട്. ബ്രിട്ടണില്‍ 836,524 പേരുണ്ട്. കാനഡയില്‍ 602,144 ഉം ഓസ്ട്രേലിയയില്‍ 408,880 ഉം ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഉള്ളത്. 2000ല്‍ 90,719 ഇന്ത്യക്കാരെ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published.