ജറുസലേം: ഇന്ത്യ ഉള്‍പ്പടെ നൂറിലേറെ രാഷ്ട്രങ്ങള്‍ അമേരിക്കയ്ക്ക് എതിരെ യുഎന്നില്‍ വോട്ട് ചെയ്തു ; ഒറ്റപ്പെടുത്തിയത് ഒരിക്കലും മറക്കില്ലെന്ന് അമേരിക്ക

യുണൈറ്റഡ് നേഷന്‍സ്: ഇസ്രായേല്‍ തലസ്ഥാനം തര്‍ക്കഭൂമിയായ ജറുസലേമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ തള്ളി ഐക്യരാഷ്ട്രസഭയിലെ 128 അംഗങ്ങള്‍. ട്രംപിന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ടാണ് യുഎന്‍ വിഷയം വോട്ടിനിട്ടത്. കാലങ്ങളായി പിന്തുടരുന്ന പാലസ്തീനിന് അനുകൂലമായ നിലപാടില്‍ മാറ്റം വരുത്താതെ ഇന്ത്യയും അമേരിക്കയ്ക്ക് എതിരായി വോട്ട് രേഖപ്പെടുത്തി. 128 രാഷ്ട്രങ്ങള്‍ അമേരിക്കയ്ക്ക് എതിരായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 9 രാഷ്ട്രങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തു. 35 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

അതേസമയം ഇന്ത്യ കാലാകാലങ്ങളായുള്ള പാലസ്തീന്‍ അനുകൂല നിലപാട് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും യുഎന്നില്‍ പ്രകടിപ്പിക്കുകയായിരുന്നു. അമേരിക്കയുമായും ഇസ്രായേലുമായും ഇന്ത്യ മുമ്ബെങ്ങും ഇല്ലാത്ത വിധം സൗഹൃദം സ്ഥാപിച്ചുവെങ്കിലും ഈ വിഷയത്തില്‍ മുന്‍ യുപിഎ സര്‍ക്കാരുകളുടെ നിലപാട് തന്നെയാണ് നരേന്ദ്ര മോഡി സര്‍ക്കാരും പിന്തുടര്‍ന്നിരിക്കുന്നത്.

എന്നാല്‍ യുഎന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ട ദിവസം മറക്കാന്‍ കഴിയില്ലെന്നും ആരെതിര്‍ത്താലും അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റുക തന്നെ ചെയ്യുമെന്നും ഐക്യരാഷ്ട്രസഭയിലെ യുഎസ് സ്ഥാനപതി നിക്കിഹാലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയം അമേരിക്കന്‍ തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്നും പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്നും ഹാലെ പറഞ്ഞു. ഐക്യരാഷ്ട്രസഭയെ കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്നും ഹാലി പറഞ്ഞു.

 

 

അറബ്, മുസ്ലീം രാജ്യങ്ങള്‍ക്ക് വേണ്ടി യെമനും തുര്‍ക്കിയും ചേര്‍ന്നായിരുന്നു പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തെ അനുകൂലിച്ചാല്‍ അമേരിക്ക നല്‍കിവരുന്ന സാമ്ബത്തിക സഹായങ്ങള്‍ നിര്‍ത്തി വെയ്ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി പോലും ഈ രാഷ്ട്രങ്ങള്‍ വകവെച്ചില്ല. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടു നിന്നതും അമേരിക്കന്‍ ഭീഷണിയെ മുന്നില്‍ കണ്ടാണ്.

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടിയെ നിരാകരിക്കുക. ജറുസലേം കാര്യം ഇസ്രായേലും പലസ്തീനും ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുക എന്ന നിലപാടിന് ഊന്നല്‍ കൊടുക്കുക. ജറുസലേമിന്റെ പുതിയ പദവികാര്യത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കുക എന്നിവയായിരുന്നു യുഎന്‍ പ്രമേയത്തില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published.