സ്ത്രീകൾക്ക് ടാക്സി ഓടിക്കാനും സൗദി പെര്‍മിറ്റ് നല്‍കും; 10,000 പേരെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറായി കമ്ബനി; വഴിയാധാരമാകുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സൗദിയിലും വരികയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച സൗദി അടുത്ത വിപ്ലവകരമായ തീരുമാനത്തിലേക്ക് കടന്നുകഴിഞ്ഞു. സ്ത്രീകള്‍ക്ക് ടാക്സി കാറുകള്‍ ഓടിക്കാനുള്ള പെര്‍മിറ്റ് നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. അടുത്ത ജൂണോടെ ഇത് നടപ്പില്‍ വരുത്താനാണ് തീരുമാനം.

കഴിഞ്ഞ മാസമാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവ് തീരുമാനിച്ചത്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചരിത്രപരമായ തീരുമാനമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. ടാക്സി പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം സ്ത്രീകളെ തൊഴില്‍ മേഖലയിലേക്കും എത്തിക്കും. ടാക്സി കാര്‍ കമ്ബനിയായ കരീം ഒരുലക്ഷം സ്ത്രീകള്‍ക്ക് ടാക്സി ഓടിക്കാനുള്ള തൊഴിലവസരം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.

സൗദി സ്ത്രീകള്‍ ടാക്സി കാര്‍ ഓടിക്കാനെത്തുന്നതോടെ വഴിയാധാരമാകുന്ന വലിയൊരു വിഭാഗമുണ്ട്. അത് മലയാളികളടക്കമുള്ള അവിടുത്തെ പ്രവാസികളാണ്. സ്ത്രീകള്‍ കൂടുതലായി മുഖ്യധാരയിലേക്ക് എത്തുന്നതോടെ, പല മേഖലകളില്‍നിന്നും പ്രവാസികള്‍ പിന്തള്ളപ്പെടും. നിതാഖാത്ത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനും അധികൃതര്‍ക്കാവും. സൗദിയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണെന്ന നിലയില്‍, ഇതേറ്റവും ബാധിക്കുന്നതും കേരളത്തെയാകും.

 

 

 

 

കരീം കമ്ബനി അവരുട റിക്രൂട്ടിങ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഖോബാര്‍ നഗരത്തില്‍ നടന്ന റിക്രൂട്ടിങ് സെഷനില്‍, വിദേശത്തുനിന്ന് ഇതിനകം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സാധാരണ വീട്ടമ്മമാര്‍ മുതല്‍ ജോലിക്കാരായ സ്ത്രീകള്‍ വരെ പുതിയ മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചുകൊണ്ടുള്ള കഴിഞ്ഞ മാസത്തെ രാജകല്‍പന അവിടെ പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയ കൈയടിയാണ് ലഭിച്ചത്. വര്‍ഷങ്ങളോളം സ്വന്തം കാറിനെ നോക്കിയിരിക്കാന്‍ മാത്രം സാധിച്ച തനിക്ക് ഇതൊരു ആശ്വാസമാണെന്ന് 50-കാരിയായ നവാല്‍ അല്‍ ജബ്ബാര്‍ പറഞ്ഞു. സൗദിയില്‍ പുതിയൊരു ഉണര്‍വിന്റെ കാലമാണ് വരാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.

അടുത്ത ജൂണ്‍ മുതല്‍ക്ക് ടാക്സി വിളിക്കുന്നവര്‍ക്ക് വനിതാ ഡ്രൈവര്‍ വേണമെങ്കില്‍ പ്രത്യേകം തിരഞ്ഞെടുക്കാനാവും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ നടത്തുന്ന യാത്രയ്ക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്ന് കരീം കമ്ബനി വക്താവ് മുര്‍ത്താധ അലാവി പറഞ്ഞു. ഖോബറില്‍ നടന്ന റിക്രൂട്ട്മെന്റില്‍നിന്ന് 30-ഓളം പേരെ കമ്ബനി കാബ് ഡ്രൈവര്‍മാരായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.