സൗദിയില്‍ 21 ഇനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമല്ല

സൗദിയില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത നികുതി 21 ഇനങ്ങള്‍ക്ക് ബാധകമാകില്ല. ഇതിന്റെ പട്ടിക ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍റ് ടാക്സ് പുറത്തിറക്കി. സര്‍ക്കാര്‍ സേവനത്തിന് നികുതി ബാധകമല്ല. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള എല്ലാ രീതിയിലുമുള്ള അന്താരാഷ്ട്ര ഗതാഗതം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തെക്കുള്ള കയറ്റുമതി എന്നിവക്ക് മൂല്യ വര്‍ധിത നികുതി ഉണ്ടാകില്ല. വാറ്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതിന് മുന്പായി പുറത്തിറക്കിയ അന്തിമ പട്ടികയിലാണ് നികുതി ഒഴിവാക്കിയ ഇനങ്ങളുള്ളത്.

 

 

സൗദിക്കകത്തെ ചരക്ക് ഗതാഗതം, ഗതാഗത ആവശ്യത്തിനുള്ള സ്പെയര്‍ പാര്‍ട്സുകളുടെ ഇറക്കുമതി എന്നിവയും നികുതിയില്‍ നിന്നൊഴിവാണ്. ആരോഗ്യ മന്ത്രാലയം, സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി എന്നിവ പുറത്തിറക്കിയ പട്ടികയിലെ മരുന്നുകള്‍ക്കും വികലാംഗര്‍ക്കുള്ള വൈദ്യോപകരണങ്ങളും വാറ്റില്‍ നിന്ന് ഒഴിവാക്കി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വാറ്റ് ബാധകമാണെങ്കിലും താമസ ആവശ്യത്തിന് വാടകക്കെടുക്കുന്നതിന് വാറ്റ് ഈടാക്കില്ല.

ആരോഗ്യ കേന്ദ്രങ്ങളിലെ ആതുരസേവനം, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ്, ജോലിക്കാരുടെ ശമ്പളം, നിക്ഷേപ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം, പ്ളാറ്റിനം, വെള്ളി എന്നിവക്കും വാറ്റ് ബാധകമാവില്ല. വീട്ടുവേലക്കാരുടെ ശമ്പളം കറന്റ് എക്കൗണ്ട് സേവനം, വാറ്റില്‍ നിന്ന് ഒഴിവാണ്.

Leave a Reply

Your email address will not be published.