ഷാര്‍ജയ്ക്ക് പോയ വിമാനം അവിടെയിറങ്ങാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി, യാത്രക്കാര്‍ പ്രതിഷേധിച്ചു

നെടുന്പാശേരി : പ്രതികൂല കാലാവസ്ഥ തടസമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഷാര്‍ജയ്ക്ക് പുറപ്പെട്ട വിമാനം അവിടെ ഇറങ്ങാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. മസ്കറ്റ് ചുറ്റിയാണ് വിമാനം കൊച്ചിയില്‍ മടങ്ങിയെത്തിയത്.

 

 

 

ഇതോടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചു. ഒരു മണിക്കൂറിലധികം നീണ്ട പ്രതിഷേധത്തിനൊടിവില്‍ പൊലീസെത്തി യാത്രക്കാരെ അനുനയിപ്പിച്ച്‌ വിമാനത്തില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.

 

 

 

ശനിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട ജെറ്റ് എയര്‍വെയ് സ് വിമാനം ഷാര്‍ജ സമയം രാത്രി 12.05ന് അവിടെ യിറങ്ങേണ്ടതാണ്. എന്നാല്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മസ്കറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു.

 

 

 

രാവിലെ 7.45 വരെ എല്ലാ യാത്രക്കാരും വിമാനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. രാവിലെ ഷാര്‍ജയിലേക്ക് മസ്കറ്റില്‍ നിന്നു പറക്കാന്‍ അനുമതി തേടിയെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. വിമാനം ഞായറാഴ്ച രാവിലെ 11.30ഓടെ കൊച്ചിയിലെത്തി.

 

 

 

ഷാര്‍ജയില്‍ നിന്നും ഈ വിമാനം മടങ്ങിയെത്തിയാല്‍ സാധാരണ ദുബായിലേക്ക് സര്‍വീസ് നടത്തുകയാണ് പതിവ്. എന്നാല്‍ പ്രതിഷേധിച്ച യാത്രക്കാര്‍ ഷാര്‍ജയിലേക്ക് പോകണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇത് വിമാന കന്പനി നിരസിച്ചതോടെയാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ യാത്രക്കാര്‍ കൂട്ടാക്കാതിരുന്നത്. പിന്നീട് പൊലീസ് യാത്രക്കാരെ നുനയിപ്പിക്കുകയായിരുന്നു.

ചില യാത്രക്കാരെ മറ്റ് വിമാനങ്ങളിലായി ഷാജയിലേക്ക് കയറ്റി വിട്ടു. മറ്റുള്ളവരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വിമാനങ്ങളില്‍ കയറ്റി വിടും.

Leave a Reply

Your email address will not be published.