കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരുന്നത് തടയാം

കനത്ത വേനല്‍ ചൂടില്‍ കാല്‍നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗിക്കാം

 

ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്.

പ്രധാനമായും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് എസി സംവിധാനം കാര്‍ എഞ്ചിനെ ആശ്രയിക്കുന്നതും.കമ്പ്രസര്‍, കണ്ടന്‍സര്‍, എക്‌സ്പാന്‍ഡര്‍, ഇവാപറേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കാറിലെ എസി സംവിധാനം. ഇവാപറേറ്ററില്‍ നിന്നും ശീതീകരിച്ച വായു പുറത്തേക്ക് വരുമ്പോഴാണ് അകത്തളത്ത് തണുപ്പ് അനുഭവപ്പെടുന്നത്.എ സി ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

 

കാറിനും വേണം തണല്‍
വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ അല്‍പ്പ സമയത്തിനുള്ളില്‍ വെള്ളം തിളച്ചു മറിയുന്ന പാത്രം പോലെ ചൂടാവും. ഈ ചൂടില്‍ കാറില്‍ കയറി ഇരുന്നാല്‍ ഒരുപക്ഷെ മരണം വരെ സംഭവിച്ചേക്കാം. എ സി ഉണ്ടല്ലോ എന്ന് കരുതിയിട്ടും കാര്യമില്ല. കാറൊന്ന് തണുക്കണമെങ്കില്‍ ചുടൊന്ന് കുറഞ്ഞിട്ടു വേണ്ടേ. പൊരിവെയിലത്ത് നിര്‍ത്തിയിട്ടാല്‍ എസിക്ക് ജോലി ഭാരം കൂടുമെന്ന് സാരം. എപ്പോഴും സാധ്യമാവില്ലെങ്കിലും കഴിയുന്നതും കാര്‍ തണലില്‍ നിര്‍ത്തിയിടാന്‍ ശ്രദ്ധിക്കാം. പാര്‍ക്ക് ചെയ്യുമ്പോള്‍ വിന്‍ഡ് ഷീല്‍ഡ് ഉപയോഗിച്ച് കാറിന്റെ വിന്‍ഡോകള്‍ മറയ്ക്കാന്‍ ശ്രദ്ധിക്കാം.

 

തണല്‍ ലഭിച്ചില്ലെങ്കില്‍
തണലില്‍ കാര്‍ നിര്‍ത്തിയിടാന്‍ സാധിച്ചില്ലെങ്കില്‍ എസി ഓണ്‍ ചെയ്യുന്നതിന് മുമ്പായി ആവശ്യത്തിന് വായു കാറിനുള്ളില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. എസി ഓണ്‍ ചെയ്ത് അത്യാവശ്യം തണുത്തതിന് ശേഷം മാത്രമേ ഗ്ലാസ് പൂര്‍ണമായി ഉയര്‍ത്താവൂ.

ഫാന്‍ സ്പീഡ് ശ്രദ്ധിക്കാം
എസി ഓണ്‍ ചെയ്യുമ്പോള്‍ ഫാന്‍സ്പീഡ് കുറച്ച് മാത്രം ഓണ്‍ ചെയ്യുക. ഓട്ടോമാറ്റിക് മോഡിലാണെങ്കില്‍ കുഞ്ഞ സ്പീഡില്‍ മാത്രമാണ് തുടക്കത്തില്‍ എസി. ഓണ്‍ ആവുക. പിന്നീട് തണുപ്പ് വര്‍ധിക്കുന്നതനുസരിച്ച് മാത്രമേ സ്പീഡ് കൂടു.

 

റീസര്‍കുലേഷന്‍ ഉറപ്പാക്കാം
എസി ഓണ്‍ ചെയ്യുമ്പോള്‍ ഉള്ളിലെ വായു മാത്രം ഉപയോഗിക്കുന്ന റീ സര്‍ക്കുലേഷന്‍ മോഡും പുറത്തു നിന്ന് കാറ്റ് അകത്തേക്ക്ക കയറുന്ന മോഡും ഉള്ളതറിയാമല്ലൊ. ചൂടുകാലത്ത് റീസര്‍ക്കുലേഷന്‍ മോഡ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. പുറത്തു നിന്നും ചൂടുകാറ്റ് അകത്തേക്ക് കയറുന്നത് തടയാന്‍ അതുകൊണ്ട് സാധിക്കും.

 

വണ്ടി നിര്‍ത്തുമ്പോള്‍ വണ്ടി നിര്‍ത്തുന്നതിന് മുമ്പ് ആദ്യം എ.സി ഓഫ് ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എസി ഓഫാക്കാതെ നേരിട്ട് എന്‍ജിന്‍ ഓഫാക്കുന്നത് എസി യുണിറ്റിനെ മോശമായി ബാധിക്കും. നിര്‍ത്തുന്നതിന് ആദ്യ പടിയായി എസി സ്വിച്ച് ഓഫ് ആക്കണം. എന്നാല്‍ ഫാന്‍ ഓഫാക്കേണ്ടതില്ല. ഇത് എസിയില്‍ നിന്നും വെള്ളം പുറത്തേക്ക് വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. അല്‍പ്പം നേരം കൂടി ഫാന്‍ ഉപയോഗിച്ചതിന് ശേഷം നിര്‍ത്തുന്നതിന് മുമ്പായി ഓഫാക്കാം.

 

ക്യാബിന്‍ എയര്‍ഫില്‍റ്റര്‍ സമയാസമയം മാറ്റാം 
കാറിന്റെ സര്‍വീസ് കൃത്യമായി നടത്തേണ്ടത് അത്യാവശ്യമാണ്. ഒരോ സര്‍വീസിനും കാലാവധിക്കനുസരിച്ച് ക്യാബിന്‍ എയര്‍ ഫില്‍റ്റര്‍ മാറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. എസി ഡക്ടുകളില്‍ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള വസ്തുക്കള്‍ സ്‌പ്രേ ചെയ്യുന്നത് എസി വെന്റുകള്‍ വഴി അണുക്കള്‍ കാറിനകത്ത് കടക്കുന്നത് തടയാന്‍ സാധിക്കും.

 

കടുത്ത തണുപ്പ് ദോഷമേ ചെയ്യൂ
പുറത്തുള്ള കഠിനമായ ചൂട് സഹിക്കാതെ കാറിനകത്ത് കയറുമ്പോള്‍ എസിയുടെ തണുപ്പ് പരമാവധി കൂട്ടിവെക്കാനാണ് ആരും താത്പര്യപ്പെടുക. പക്ഷെ അതുപോലുള്ള കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മറക്കരുത്. 24 ഡിഗ്രിയില്‍ എസി ഉപയോഗിച്ചാല്‍ വലിയ പ്രശ്‌നങ്ങളിലാതെ തന്നെ സുഖമായി യാത്ര ചെയ്യാം.

കുന്ന് കയറുമ്പോള്‍ എസി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ ഇന്ധനക്ഷമത വീണ്ടും കുറയും. ഗുരുത്വാകര്‍ഷണത്തിന് എതിരെ നീങ്ങുമ്പോള്‍ എഞ്ചിന് കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുമെന്നതാണ് ഇതിന് കാരണം.എസിയ്ക്ക് പകരം വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇന്ന് കുറവല്ല. ഈ ശീലവും ഇന്ധനക്ഷമത കുറയ്ക്കും. കാരണം സഞ്ചരിക്കവെ കാറിനുള്ളിലേക്ക് കടക്കുന്ന വായു കൂടുതല്‍ പ്രതിരോധം സൃഷ്ടിക്കും.അറിവുകൾ ഉപകാര പ്രദമാണെങ്കിൽ ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published.