ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക്

റിയാദ് – മുൻ വർഷങ്ങളെ അപേക്ഷിച്ച് സൗദിയിൽനിന്ന് ഫൈനൽ എക്‌സിറ്റ് നേടി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വൻ തോതിലുള്ള വർധനവാണുള്ളത്. എന്നാൽ എക്‌സിറ്റ് നേടി നാട്ടിലേക്ക് പോകുന്നവർ വിമാനതാവളങ്ങളിൽ എത്തുമ്പോഴാണ് പലപ്പോഴും ഇഖാമ കൈവശമില്ലെന്ന കാര്യം അറിയുന്നത് തന്നെ. എക്‌സിറ്റ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഇഖാമ ആവശ്യമില്ലെന്നും പാസ്‌പോർട്ട് മാത്രം മതിയെന്നുമാണ് പലരുടെയും ധാരണ. എന്നാൽ ഇഖാമ അതിർത്തി ചെക്‌പോസ്റ്റുകളിൽ ഏൽപ്പിക്കണമെന്നത് നിർബന്ധമാണെന്നും അല്ലെങ്കിൽ പിഴ നൽകേണ്ടി വരുമെന്നും ജവാസാത്ത് ഇന്നലെ വീണ്ടും ഓർമ്മിപ്പിച്ചു.

 

 

 

 

 

ഓർക്കുക, ഇഖാമ എന്നത് നാം ജോലി ചെയ്യുന്ന സ്ഥാപനം അനുവദിക്കുന്നതല്ല, മറിച്ച് സൗദി ഭരണകൂടമാണ് അനുവദിക്കുന്നത്. അതിനാൽ ഇഖാമ സൗദി അധികൃതരെയാണ് തിരിച്ചേൽ്പ്പിക്കേണ്ടത്. ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കുന്നവർ രാജ്യം വിടുമ്പോൾ തങ്ങളുടെ ഇഖാമ എയർപോർട്ടുകളും കരാതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും അടക്കമുള്ള അതിർത്തി പോസ്റ്റുകളിൽ ഏൽപിക്കൽ നിർബന്ധമാണെന്നും ഇഖാമ നഷ്ടപ്പെടുത്തുന്നവർ പിഴ ഒടുക്കേണ്ടിവരുമെന്നുമാണ് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കുന്നതിന് പ്രത്യേക ഫീസില്ല. വിദേശ തൊഴിലാളികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഗതാഗത നിയമ ലംഘനങ്ങൾ ആശ്രിതർക്ക് ഇഖാമ ഇഷ്യു ചെയ്യുന്നതിന് വിലക്കാകില്ല.

 

 

 

 

 

ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാരി തുടങ്ങി ഗാർഹിക തൊഴിലാളികളുടെ ഇഖാമ പതിനാലു മാസം വരെ പുതുക്കാവുന്നതാണ്. സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്ക് ആശ്രിത ലെവി ബാധകമല്ല. എന്നാൽ ഇവർ ഇഖാമ പുതുക്കുന്നതിനുള്ള ഫീസായ 500 റിയാൽ പ്രതിവർഷം അടക്കൽ നിർബന്ധമാണ്. ഒളിച്ചോടുന്ന ഗാർഹിക തൊഴിലാളികളെ പതിനഞ്ചു ദിവസത്തിനകം ഹുറൂബ് ആക്കാവുന്നതാണ്. ഇതിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. ജവാസാത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഹുറൂബാക്കുന്നതിന് സാധിക്കുകയുള്ളൂ. ഒരു തവണ ഹുറൂബാക്കി പിന്നീട് ഹുറൂബ് റദ്ദാക്കിയ ശേഷം അതേ തൊഴിലാളിയെ അബ്ശിർ വഴി വീണ്ടും ഹുറൂബാക്കുന്നതിന് കഴിയില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദിയിൽ ഇരുപതു ലക്ഷത്തോളം ഗാർഹിക തൊഴിലാളികളുണ്ട്. ഇവരിൽ 62 ശതമാനം വനിതകളാണ്.

Leave a Reply

Your email address will not be published.