ഇന്ത്യയിൽ നിന്നുള്ള രണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ കൂടി ഗള്‍ഫ് വിപണിയിലേക്ക് ചുവടു വെക്കുന്നു

ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാന്‍ഡുകള്‍ കൂടി ഗള്‍ഫ് വിപണിയിലേക്ക്. കളിപ്പാട്ട നിര്‍മാണരംഗത്തെ ഫണ്‍സ്കൂള്‍, ഫാസ്റ്റ് ട്രാക്കിന്റെ ബാഗ് ഉല്‍പന്നങ്ങള്‍ എന്നിവയാണ് ദുബൈയിലെത്തിയത്. വാച്ച് ചില്ലറ വ്യാപാരരംഗത്തെ ടൈംഹൗസാണ് ഈ ബ്രാന്‍ഡുകള്‍ ദുബൈ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.

ടൈംഹൗസിന്റെ വാര്‍ഷിക ഡിലേഴ്സ് മീറ്റിലാണ് ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാന്‍ഡുകളെ കൂടി ഗള്‍ഫില്‍ അവതരിപ്പിച്ചത്. കളിപ്പാട്ടത്തിലൂടെ പഠനം സാധ്യമാക്കുന്ന ഫണ്‍സ്കൂള്‍ ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫ് വിപണിയില്‍ ചലനം സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. ഫണ്‍സ്കൂളിന് പുറമെ, ഫാസ്ട്രാക്കിന്റെ ബാഗ് ആക്സസറീസ് ഉല്‍പന്നങ്ങളുടെ ലോഞ്ചും ചടങ്ങില്‍ നടന്നു. സ്റ്റൈലോ എന്ന ബ്രാന്‍ഡ് വീണ്ടും വിപണിയിലിറക്കി.

യു എ ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലായി 55 റീട്ടെയില്‍ ശാഖകളും, 370 സെയില്‍സ് പോയന്റുകളും ടൈംഹൗസിനുണ്ട്. ഈവര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് ടൈംഹൗസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി സാഹിദ് പറഞ്ഞു.