മയ്യിത്ത് പെട്ടിയിലാക്കി നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ..!!

ഒമാൻ: വളരെ ചെറുപ്പത്തിലാണ്, ബന്ധുവായ സുലൈമാൻക്ക ഒരു വാഹനാപകടത്തിൽ ഖത്തറിൽ വെച്ച് മരണപ്പെടുന്നത്. വിവരം അറിഞ്ഞു വന്ന ബന്ധുക്കളിൽ പെട്ട ഞങ്ങളൊക്കെ ദിവസങ്ങൾ ആ വീട്ടിൽ മയ്യിതും വരുന്നത് കാത്തിരുന്നു. മരണവാർത്ത അറിഞ്ഞ ഉടനെ കരഞ്ഞു തുടങ്ങിയവർ ക്ഷീണിച്ചു തുടങ്ങിയിരുന്നു…. വീട്ടുകാരാവട്ടെ മൂന്നു നാലു ദിവസം മരണവീട്ടിൽ വരുന്ന അതിഥികൾക്ക് ഭക്ഷണവും ഒരുക്കി. കുറച്ചു ദിവസങ്ങൾക്കു ശേഷം മയ്യിത്‌ നാട്ടിൽ എത്തി. കരച്ചിൽ നിർത്തിയവർ വീണ്ടും കരച്ചിൽ തുടങ്ങി. അവസാനം മുറ്റത്ത് കെട്ടിയ താൽക്കാലിക പന്തലിൽ വെച്ച് ആ പെട്ടി തുറന്നു. വശങ്ങളിൽ ആണിയടിച്ചു ഉറപ്പിച്ച പേരൊക്കെ എഴുതിയ വലിയ മരപ്പെട്ടി.

അത് തുറന്നപ്പോൾ വല്ലാത്ത ഒരു ഗന്ധം വന്നു. മയ്യിത്ത് കാണാൻ ജനം ചുറ്റും കൂടി. പെട്ടെന്ന് തന്നെ മയ്യിത്ത് മറമാടാൻ കൊണ്ട് പോയി.

വീട്ടിൽ വന്ന് ഉപ്പ ഉമ്മയോട് പറയുന്നുണ്ടായിരുന്നു.. മുഖമൊക്കെ നീല കളർ ആയിട്ടുണ്ട്, ചീർത്തിട്ടുണ്ട്..വല്ലാത്ത ഒരു രൂപം….അല്ലാഹു കാക്കട്ടെ എന്ന്.

അതിന് ശേഷം കാലങ്ങൾ കഴിഞ്ഞു. ഞാനും ഒരു ഗൾഫുകാരനായി..സമൂഹ്യരംഗത്ത് കുറച്ചൊക്കെ ഇടപെടുന്നതിനാൽ പലപ്പോഴും ഈ മയ്യിത്ത് പെട്ടിയിലാക്കി കൊണ്ടു പോകുന്നതിന് നേതൃത്വം നൽകേണ്ടി വന്നിട്ടുണ്ട്.

മോർച്ചറിയിൽ നിന്ന് സ്റ്റീൽ ട്രേയിൽ വലിച്ചെടുത്തു എംബാം ചെയ്തു കുളിപ്പിച്ചു പെട്ടിയിലാക്കി കാർഗോയിൽ എത്ര മയ്യിത്തുകൾ…അല്ലാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ

അപ്പോഴും ഉസ്താദുമാരോട് ഇങ്ങനെ മയ്യിത്‌ കൊണ്ടു പോകുന്നത് ശരിയാണോ എന്ന് അന്വേഷിച്ചിരുന്നു. ആരും ഒന്നും വിട്ട്പറഞ്ഞിരുന്നില്ല. എന്തോ ശരികേട് ഉണ്ടല്ലോ എന്ന് ആലോചിച്ചു. അങ്ങനെ തോന്നിയത് മുതൽ കാര്യമായി മയ്യിത്‌ പാകിങ്ആൻഡ് ഡെസ്പാച്ചിങ് കർമങ്ങളിൽ പങ്കെടുത്തിരുന്നില്ല.

ഇപ്പോൾ ഹികമിയ്യഃ വാർഷികത്തോടനുബന്ധിച്ച് മുഹിയുസ്സുന്ന പൊന്മള ഉസ്താദ് അതിന്റെ ശരിയായ വിധി പറഞ്ഞപ്പോഴാണ് നേരത്തെ പറയണമെന്ന് വച്ച ഈ കാര്യം വൈകിയാണെങ്കിലും കുറിക്കുന്നത്. അതായത് ഈ മയ്യിത്‌ നാട്ടിൽ കൊണ്ടു പോകുന്ന പരിപാടി ഇസ്‌ലാമിൽ അനുവദനീയമല്ല. വളരെ ദുർബലമായ ഒരു വീക്ഷണം മാത്രമാണ് ഈ കൊണ്ടുപോക്കിനെ ശരി വെക്കുന്നത്. അത് തന്നെ ഇവിടെ ബാധകവുമല്ല.

എന്നാൽ ഇതിനോട് ചേർത്ത് പറയേണ്ട മറ്റു ചില കാര്യങ്ങൾ ഉണ്ട്.

മയ്യിത്‌ നാട്ടിലേക്ക് അയക്കുമ്പോൾ കേടു വരാതിരിക്കാൻ എംബാം നടത്തിയാണ് കൊണ്ടു പോകുന്നത്.

*എന്താണ് എംബാം?*

ഞെരമ്പുകളിൽ നിന്നും സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചു മയ്യിത്തിന്റെ രക്തം ഊറ്റിയെടുക്കുകയും എന്നിട്ട് എംബാം രസലായനി ശരീരത്തിലേക്ക് കയറ്റി വിടുകയും ചെയ്യുന്നതാണ് എംബാമിങ്. ഇതിനായി മയ്യിത്തിന്റെ കഴുത്തിന് ചേർന്നുള്ള ഞെരമ്പോ, സ്ത്രീയാണെങ്കിൽ തുടഭാഗത്തുള്ള ഞെരമ്പോ മുറിച്ചുഅവിടേക്ക് ഒരു ട്യൂബ് ഘടിപ്പിക്കുകയും ഒരു പമ്പ് വഴി രക്തം എടുത്തു താഴെ പറയുന്ന രാസവസ്തുക്കൾ കയറ്റും.

1. ഫോർമാൽഡിഹൈഡ്
2. ഗ്ലറ്റാർഡിഹൈഡ്
3. മെതാനോൾ
4.എത്നോൾ..

ഇതിൽ രസതന്ത്രം വലിയ പിടിപാട് ഇല്ലാത്തവർക്കായി പറയാം… എതനോൾ എന്ന സാധനമാണ് ആൽക്കഹോൾ അഥവാ മദ്യം. ജീവിതത്തിൽ മദ്യം ഹറാമായ ശരീരത്തിലേക്കാണ് മരണശേഷം മദ്യം ഞെരമ്പുകൾ വഴി അദ്ദേഹത്തിന്റെ ഇച്ഛ കൂടാതെ നാം അടിച്ചു കയറ്റുന്നത്.

ഈ പ്രോസെസിൽ എന്തെല്ലാം തിന്മകളാണ് ഉൾച്ചേർന്നിട്ടുള്ളത്?

1. മയ്യിത്ത് നഖ്‌ൽ ചെയ്യുന്നു. (ഹറാം)

2. ജനാസ അടക്കുന്നത് താമസിപ്പിക്കുന്നു. ( സുന്നത്തിന് എതിര്)…പലപ്പോഴും അഞ്ചും ആറും ദിവസം വൈകിയാണ് മയ്യിത്ത് നാട്ടിലെത്തുക.

3. മയ്യിത്തിന്റെ ശരീരത്തിൽ അനാവശ്യമായി മുറിവുകൾ ഉണ്ടാക്കുന്നു. (ഹറാം)

4.രക്തം പുറത്തെടുക്കുന്നു (ഹറാം)

5. അന്യ വസ്തു കയറ്റുന്നു.. അതും മദ്യം (ഹറാം)

ഇനി പറയൂ…

നീലിച്ച, വികൃതമാ(ക്കി)യ മൃതശരീരങ്ങൾ കണ്ടത് കൊണ്ട് എന്ത് സംതൃപ്തിയാണ് ബന്ധുക്കളായ നമുക്ക് ലഭിക്കുക??

പലരും ഈ പാക്കിങ് ഒരു വലിയ സൽകര്മവും പുണ്യപ്രവർത്തിയുമായാണ് കാണാറുള്ളത്.

എന്ത് ന്യായമാണ് മയ്യിത്ത് പെട്ടിയിലാക്കി വിമാനം കയറ്റിവിടാൻ മതപരമായി നമുക്ക് പറയാനുള്ളത്?

അതിനാൽ ഇസ്‌ലാമിന്റെ നിയമങ്ങൾ ആണ് എന്റെ വികാരങ്ങൾക്കും സംഘടനാ താത്പര്യങ്ങൾക്കും ഉപരിയെന്ന് ചിന്തിക്കുന്നവർ ഇതിൽ നിന്നും പിന്മാറണം.

*അല്ലാഹുവിനെ ഭയപ്പെടുക.*

ഒരു മൃതദേഹത്തോടും അനാദരവ് കാട്ടരുത്.

ഓരോ പ്രവാസിയും തങ്ങളുടെ കുടുംബത്തോട് വസ്വിയത് ചെയ്യട്ടെ, ഞാൻ മരണപ്പെടുന്നിടത്ത് തന്നെ മറമാടണമെന്ന്.

ആൽക്കഹോൾ കയറ്റിയ ശരീരവുമായി അല്ലാഹുവിനെ കണ്ടുമുട്ടാൻ ആരാണ് ആഗ്രഹിക്കുക??

ഈമാനോട് കൂടി മരിച്ചു കുളിച്ച് സുഗന്ധം പൂശിയല്ലേ നാം യാത്രയാകേണ്ടത്…മദ്യം കുത്തിക്കയറ്റി ആണോ?

എല്ലാവരും ചിന്തിക്കുക, വികാരപരമായല്ല തീരുമാനങ്ങൾ എടുക്കേണ്ടത്. ഇത് പരലോക യാത്രയുടെ പ്രശ്നമാണ്.

*ഇനി ഒരു മയ്യിത്തും പെട്ടിയിലാക്കി കൊണ്ടുപോകരുത്*

പ്രവാസത്തിലെ സംഘടനകൾ ഒരു കാമ്പയ്ൻ തന്നെ നടത്തി ഇതിനെതിരെ ഒരു ബോധവത്കരണം നടത്തണമെന്ന് ആഗ്രഹിക്കുന്നു.

കടപ്പാട്‌:

അബ്ദുൽ ഹമീദ്, ഒമാൻ
00968-91370466
pvahamid@gmail.com