ഇനി മുതല്‍ ഈ 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് കുവൈത്തില്‍ ജോലി ലഭിക്കില്ല

കുവൈത്തില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ഈ 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ അറിയിച്ചു.

കുവൈത്തില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണകളിലായി ആരോഗ്യപരിശോധന നടത്തേണ്ടതുണ്ട്. കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അവരുള്ള രാജ്യത്താണ് ആദ്യപരിശോധന. കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നാകണം പരിശോധന. കുവൈത്തില്‍ എത്തിയ ശേഷമുള്ള വൈദ്യപരിശോധനയ്ക്കായി ഷുവൈഖ്, ഫഹാഹീല്‍, ജഹ്റ, സബ്ഹാന്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്. എച്ച്‌ഐവി/എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, ശ്വാസകോശരോഗം തുടങ്ങി 22 ഇന രോഗങ്ങളാണ് പട്ടികയിലുള്ളത്.

കുവൈത്തിലെ അംഗീകരിച്ച കേന്ദ്രങ്ങളിലെ പരിശോധനയില്‍ നിരോധിത പട്ടികയിലുള്ള രോഗലക്ഷണം പ്രകടമായാല്‍ വിവരം ആഭ്യന്തരമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ചേര്‍ക്കും. ബന്ധപ്പെട്ട മറ്റു വകുപ്പുകളിലും അത് ലഭ്യമാകും. അത്തരക്കാര്‍ക്ക് കുവൈത്തില്‍ തുടരുന്നതിനുള്ള താമസാനുമതി നല്‍കില്ലെന്നും ഡോ.മാജിദ വ്യക്തമാക്കി.