കുവൈത്തില്‍ 65 വയസ്സിനുമുകളിലുള്ള വിദേശികളെ പിരിച്ചുവിടും

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 65 വയസ്സിനുമുകളിലുള്ള വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് ഉത്തരവിട്ടു. നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതോടെയാകും പിരിച്ചുവിടല്‍.

ഡോക്ടര്‍മാരുടെ കാര്യത്തില്‍ അവരുടെ അവസാനത്തെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനമികവ് വിലയിരുത്തി മന്ത്രാലയത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം ഉപാധികള്‍ക്കു വിധേയമായി പിരിച്ചുവിടേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 70 തികയുംവരെ പരമാവധി അഞ്ച് തവണയാകും അത്തരക്കാര്‍ക്ക് സേവനകാലാവധി നീട്ടിനല്‍കല്‍.

അതിനായി ബന്ധപ്പെട്ട വ്യക്തിയുടെ അപേക്ഷയും ആശുപത്രി മാനേജരുടെയും അതതു വകുപ്പു തലവന്റെ അപേക്ഷയും സമര്‍പ്പിക്കണം. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം ലഭ്യമാക്കുന്നതിന് വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.