സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തിയേക്കും

കുവൈത്തിൽ സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തിയേക്കും. ഭരണതല തസ്തികകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ തീരുമാനിച്ചു . സ്വകാര്യമേഖലയിൽ എത്ര സ്വദേശികൾക്കു തൊഴിൽ നൽകാൻ സാധിക്കുമെന്ന് കണ്ടെത്താനാണു പഠനം.

സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റിവ് പോസ്റ്റുകളിൽ നിലവിലുള്ള വിദേശികളുടെ എണ്ണം തിട്ടപ്പെടുത്തിയ ശേഷം സ്വദേശി ഉദ്യോഗാർത്ഥികൾക്കു ഈ മേഖലയിൽ എത്ര തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നു കണ്ടെത്താനാണു പഠനം . പഠനം പൂർത്തിയാക്കുന്ന മുറക്ക് അഞ്ചു വർഷം കൊണ്ട് സ്വകാര്യ മേഖലയിലെ മുഴുവൻ അഡ്​മിനിസ്​ട്രേറ്റിവ്​ തസ്തികകളിലും കുവൈത്തികൾക്ക് അവസരം നൽകും. രാജ്യത്ത് സ്വദേശി-വിദേശി അനുപാതത്തിൽ നിലവിലുള്ള ഭീമമായ അന്തരം കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ. ഗവണ്മെന്റ് മാൻപവർ റീസ്ട്രക്ച്ചറിംഗ് പ്രോഗ്രാമിനു കീഴിലാണ് പഠനം നടക്കുക ജനസംഖ്യാസന്തുലനത്തിന്റെ ആദ്യ ഘട്ട നടപടികൾ കഴിഞ്ഞ വർഷം ആരംഭിച്ചെങ്കെലും ഈ വർഷത്തോടെ ഈ വിഷയത്തിൽ കർശനമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് സൂചന.