സൗദിയിലേക്ക് വരുന്നവരുടെ ശ്രദ്ധക്ക് ; നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ അന്തകനായേക്കാം

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തി എന്ന കുറ്റത്തിനു കഴിഞ്ഞ ദിവസം ഇന്ത്യൻ യുവാവിനു 10 വർഷം തടവും 1000 അടിയും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചത് സൗദിയിലേക്ക് കാരിയർമാരായും സുഹൃത്തുക്കളെ വിശ്വസിച്ച് എന്ത് സാധനങ്ങളും കൊണ്ട് വരുന്നവരുക്കുമുള്ള ഒരു മുന്നറിയിപ്പാണു.

കൂട്ടുകാരനായ സ്വകാര്യ ട്രാവൽ ഏജന്റ് തന്നേൽപ്പിച്ച ബാഗിൽ സൗദിയിൽ നിരോധിച്ച- മയക്ക് മരുന്ന് ഇന്നത്തിൽ പെട്ട ഗുളികകൾ കടത്തിയതിനാണു കുടക് സ്വദേശിയെ പിടി കൂടിയത്.

തന്നെ തന്റെ കൂട്ടുകാരൻ ചതിക്കുകയായിരുന്നു എന്ന് വാദിച്ച പ്രതി കുറ്റം സമ്മതിക്കാത്തതിനാലും പിടിക്കപ്പെട്ട ഗുളികകൾ ഇന്ത്യയിൽ മാനസിക വിഭ്രാന്തി ഉള്ളവർക്ക് മാത്രം ഉറക്കത്തിനും മയക്കത്തിനും ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഗുളിക ആയതിനാലും വധ ശിക്ഷയിൽ നിന്ന് ദമാം കോടതി ഒഴിവാക്കുകയായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇയാൾക്ക് വധ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നാണു റിപ്പോർട്ട്.

പല വിധ വാഗദാനങ്ങൾ നൽകി നിരവധി യുവാക്കളെ ഇത് പോലെ സൗദിയിൽ നിരോധിച്ച മയക്ക് മരുന്നു ഗുളികകളുമായി അയക്കുന്ന വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.

ടിക്കറ്റ് ചാർജ്ജും വിസ ചാർജ്ജുമെല്ലാം വഹിച്ച് ആളുകളെ മോഹ വാഗ്ദാനവും നൽകി മയക്ക് മരുന്ന് കാരിയർമാരായി അയക്കുന്ന സംഘത്തിന്റെ കെണിയിൽ കുടുങ്ങുന്ന യുവാക്കൾക്ക് വധ ശിക്ഷയാണു സൗദിയിൽ കാത്തിരിക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു…!!