സൗദിയില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അമ്പതിനായിരത്തോളം വനിതകള്‍ അപേക്ഷ നല്‍കി

വനിതാ ദിനത്തിലാരംഭിച്ച ഡ്രൈവിംഗ് പരിശീലനത്തിന് അമ്പതിനായിരത്തോളം സൗദി വനിതകള്‍ അപേക്ഷ നല്‍കി. റിയാദിലെ പ്രിന്‍സസ് നൂറ സര്‍വകലാശാലയിലാണ് ഇത്രയധികം അപേക്ഷകള്‍ ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ അറുപത് പേര്‍ക്ക് മാത്രമാണ് പരിശീലനം നല്‍കുക.

സൗദിയിലെ വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് ഡ്രൈവിംഗ് പരിശീലനം. ഡ്രൈവിംഗ് പരിശീലനത്തിന് 54,126 വനിതകൾ ഇതുവരെ അപേക്ഷ സമർപ്പിച്ചതായി പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റി അറിയിച്ചു. ലോക വനിതാ ദിനത്തിലാണ് വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്ന പദ്ധതിക്ക് യൂനിവേഴ്‌സിറ്റി തുടക്കമിട്ടത്. അറുപതു വനിതകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഡ്രൈവിംഗ് പരിശീലനം നൽകുക. വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതിന് ആദ്യ ബാച്ച് പരിശീലകര്‍ തയ്യാറാണ്.

എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റിയൂട്ടാണ് യൂനിവേഴ്‌സിറ്റിയുടെ സാങ്കേതിക പങ്കാളി. വനിതകളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് 150 വനിതകൾക്ക് ഇതിനകം പരിശീലനം നൽകി. പ്രായ-ദേശ ഭേദമന്യേ എല്ലാ വനിതകള്‍ക്കും ഇവിടെ പരിശീലനം നല്‍കും. റിയാദിലെ ആദ്യത്തെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളാണ് പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റിയിലേത്. ജൂൺ 24 മുതൽ വനിതകൾക്ക് സൗദിയില്‍ ഡ്രൈവിംഗ് തുടങ്ങാം.