റിയാദ്​ മെട്രോ പദ്ധതി എഴുപത് ശതമാനത്തോളം പൂര്‍ത്തിയായി

റിയാദ്​: നഗരഗതാഗതത്തില്‍ വലിയ വഴിത്തിരിവാകുന്ന റിയാദ്​ മെട്രോ പദ്ധതി എഴുപത് ശതമാനത്തോളം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണ സര്‍വീസ് ആരംഭിക്കും. തലസ്ഥാന നഗരിയിലെ 250 സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ നടന്നുവരുന്നുണ്ട്. പ്രധാന സ്​റ്റേഷനുകളും ശാഖ സ്​റ്റേഷനുകളും അടക്കം 85 സ്​റ്റേഷനുകളും ഏഴു മെയിന്‍റനന്‍സ്, ഹാള്‍ട്ട് കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. മെട്രോ പദ്ധതി തുരങ്കനിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ആകെ 36 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ജോലികളുടെ 98 ശതമാനം ഇതിനകം പൂര്‍ത്തിയായി. ഉപരിതല റെയില്‍പാത നിര്‍മാണ ജോലികളുടെ 86 ശതമാനം പൂര്‍ത്തിയായി. മെട്രോയില്‍ 68 ശതമാനം ഭാഗത്ത് റെയില്‍ പാളങ്ങള്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.

മെട്രോ പാതകള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ വൈദ്യുതി, ജല, ടെലികോം കേബിളുകളും പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുന്ന ജോലികളുടെ 90 ശതമാനം പൂര്‍ത്തിയായി. മെട്രോ സ്​റ്റേഷനുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനും സ്​റ്റേഷനുകളില്‍ നിക്ഷേപം നടത്തുന്നതിനുമുള്ള ഓഫറുകള്‍ അടങ്ങിയ നിരവധി ടെണ്ടറുകള്‍ നഗര വികസന അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. 176 കിലോമീറ്റര്‍ ദൂരത്തിലാണ്​ മെട്രോ റെയില്‍ പണിയുന്നത്​. ജോലികള്‍ 68 ശതമാനം പിന്നിട്ടതായി കഴിഞ്ഞ മാസം റിയാദ് നഗര വികസന അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കവെ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ വെളിപ്പെടുത്തിയിരുന്നു.

റിയാദ് മെട്രോയില്‍ സര്‍വീസിന് ഉപയോഗിക്കുന്ന ട്രെയിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണ്. ആകെ 452 ട്രെയിനുകളാണ് സര്‍വീസ്​ നടത്തുക. ഇതില്‍ 300 ഓളം ട്രെയിനുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ലോകത്തെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മാതാക്കളായ ജര്‍മനിയിലെ സീമെന്‍സ്, കാനഡയിലെ ബൊംബാര്‍ഡിയര്‍, ഫ്രാന്‍സിലെ ആല്‍സ്​റ്റം കമ്ബനികളാണ് ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 60 ട്രെയിനുകള്‍ ഇതിനകം റിയാദില്‍ എത്തിയിട്ടുണ്ട്.