ഹാലത്ത്​ അമ്മാറില്‍ വന്‍ മയക്കുമരുന്ന്​ വേട്ട;സൗദി അറേബ്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടകളിലൊന്ന്

ജിദ്ദ: ജോര്‍ഡന്‍ അതിര്‍ത്തി കവാടമായ ഹാലത്ത്​ അമ്മാറില്‍ വന്‍ മയക്കുമരുന്ന്​ വേട്ട. അരക്കോടിയോളം കാപ്​റ്റഗണ്‍ ഗുളികകള്‍ക്കൊപ്പം മറ്റുമയക്കുമരുന്നുകളുമാണ്​ അതിര്‍ത്തി കടന്നെത്തിയ ഒരു വാഹനത്തില്‍ നിന്ന്​ പിടിച്ചെടുത്തത്​. സൗദി അറേബ്യന്‍ കസ്​റ്റംസ്​ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടകളിലൊന്നാണിത്​.

ഹഖ്​ലിനും ഹദീതക്കും പുറമേ ജോര്‍ഡനിലേക്കു​ള്ള സൗദിയുടെ പ്രധാന അതിര്‍ത്തി കവാടങ്ങളിലൊന്നാണ്​ തബൂക്കിലെ ഹാലത്ത്​ അമ്മാര്‍. വളരെ സൂക്ഷ്​മമായ കസ്​റ്റംസ്​ പരിശോധന നടക്കുന്ന കേ​​ന്ദ്രങ്ങളിലൊന്നുമാണ്​ ഇത്​. ഇന്നലെ സംശയത്തെ തുടര്‍ന്നാണ്​ അതിര്‍ത്തി കടന്നുവന്ന സ്വകാര്യ വാഹനത്തെ അധികൃതര്‍ പരിശോധനക്ക്​ വിധേയമാക്കിയത്​. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ വിശദമായ പരിശോധനയില്‍ വാഹനത്തി​​െന്‍റ വിവിധ ഭാഗങ്ങളില്‍ വിദഗ്​ധമായി ഒളിപ്പിച്ച്‌​ വെച്ച വന്‍ മയക്കുമരുന്ന്​ ശേഖരം ശ്രദ്ധയില്‍പെടുകയായിരുന്നു. കാറി​​െന്‍റ ബോഡി, സീറ്റുകള്‍, ടയറുകള്‍, മേല്‍ഭാഗം എന്നിവിടങ്ങളിലാണ്​ ഇവ ഒളിച്ചുവെച്ചിര​ുന്നത്​. മൊത്തം 48,39,000 കാപ്​റ്റഗണ്‍ ഗുളികകളാണ്​ വാഹനത്തില്‍ ഉണ്ടായിരുന്നത്​. കൂടാതെ അരക്കിലോ​േയാളം വേറെ മയക്കുമരുന്നുകളും. മയക്കുമരുന്ന്​ കടത്തുകാര്‍ ഒാരോദിവസം വ്യത്യസ്​തമായ മാര്‍ഗങ്ങളാണ്​ അവലംബിക്കുന്നതെന്ന്​ ഹാലത്​ അമ്മാര്‍ കസ്​റ്റംസ്​ ജനറല്‍ ഡയറക്​ടര്‍ ഖാലിദ്​ അല്‍ റുമൈഹ്​ പറഞ്ഞു.