2021 അവസാനത്തോടെ യു.എ.ഇയിൽനിന്ന്​ സൗദി ​അറേബ്യയിലേക്കുള്ള റെയിൽപാത നിർമാണം പൂർത്തിയാകും

2021 ഡിസംബറോടെ യു.എ.ഇയിൽനിന്ന്​ സൗദി ​അറേബ്യയിലേക്കുള്ള റെയിൽപാത നിർമാണം പൂർത്തിയാകും. ഗൾഫ്​ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനാവും അതോടെ തുടക്കം കുറിക്കുക.

യു.എ.ഇ, സൗദി റെയിൽവെ പദ്ധതി നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ടു പോകുമെന്ന്​ അധികൃതർ വെളിപ്പെടുത്തി. മുതിർന്ന ഗതാഗത ഉദ്യോഗസ്ഥനാണ്​ ദുബൈയിൽ ഇക്കാര്യം അറിയിച്ചത്​. 2021 അവസാനത്തോടെ പദ്ധതി യാഥാർഥ്യമാകുമ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ലക്ഷങ്ങൾക്കാവും അത്​ ഗുണം ചെയ്യുകയെന്ന്​ ദുബൈയിൽ നടന്ന സമ്മേളനത്തിൽ കര,സമുദ്ര ഗതാഗത ഫെഡറൽ അതോറിറ്റി ഡയറക്​ടർ ജനറൽ അബ്​ദുല്ല സാലിം ആൽ ഖാദിരി വ്യക്തമാക്കി.

ആറ്​ ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ ആസൂത്രണം ചെയ്ത 2100 കിലോമീറ്റർ റെയിൽവേ ശൃംഖലയുടെ നിർമാണം നേരത്തെ മാറ്റിവെച്ചിരുന്നു. ശൃംഖലയുടെ ഭാഗം നിർമിക്കുന്നത്​ യു.എ.ഇ 2016ൽ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. ആഭ്യന്തര റെയിൽപാത നിർമിക്കുന്നതിലാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്​ ഒമാനും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ കാരണം മറ്റു പല ഗൾഫ്​ രാജ്യങ്ങളും റെയിൽവെ പദ്ധതിയുടെ കാര്യത്തിൽ അനുകൂല പ്രതികരണം ഇനിയും കൈക്കൊണ്ടിട്ടില്ല.