പ്രവാസികള്‍ക്ക് ഇരുട്ടടി; ലെവി പതിനായിരം റിയാലില്‍ കുറവാണെങ്കില്‍ ഒന്നിച്ചടക്കണം സൗദി തൊഴില്‍ മന്ത്രാലയം

വിദേശി ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സംഖ്യ പതിനായിരം റിയാലില്‍ കുറവാണെങ്കില്‍ ഒന്നിച്ചടക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ലെവിയിനത്തില്‍ ഭീമമായ സംഖ്യ ചുമത്തിയ കമ്ബനികള്‍ക്ക് ഗഡുക്കളായി അടക്കാന്‍ മന്ത്രാലയം ഇളവ് അനുവദിച്ചിരുന്നു.

ആറ് മാസത്തിനകം മൂന്ന് ഗഡുക്കളായി അടക്കാമെന്നാണ് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ഇളവ് പതിനായിരത്തിന് മുകളില്‍ സംഖ്യയുള്ള സ്ഥാപനങ്ങള്‍ക്കാണെന്നാണ് തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ വിശദീകരിക്കുന്നത്. ഇതില്‍ കുറഞ്ഞ സംഖ്യ ഒന്നിച്ചടക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചെറുകിട സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗത്തിനും പതിനായിരം റിയാലിന് താഴെയാണ് ലെവിത്തുക. തുച്ഛ ശമ്ബളമുള്ള ഇവരെ സംബന്ധിച്ച്‌ ബാധ്യതയാകും പുതിയ വിശദീകരണം. ഈ വര്‍ഷം ഒരു തൊഴിലാളിക്ക് പ്രതിമാസം 400 റിയാലാണ് ലെവി. അതായത് ഒരു വര്‍ഷം 4800 റിയാല്‍. ശരാശരി തൊഴിലാളിയുടെ ശമ്ബളം 3000 റിയാല്‍ വരെയാണ്. ഇവരെ സംബന്ധിച്ച്‌ വന്‍ വെല്ലുവിളിയാകും ലെവിയടക്കല്‍.