സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ന്യൂയോര്‍ക്ക്: സൗദി അറേബ്യ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുലസീസ് അല്‍ സൗദ് അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മീറ്റിംഗിനായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയിരിക്കുന്നത്. അമേരിക്കയും സൗദിയും തമ്മിലുള്ള സാമ്ബത്തിക സാമൂഹ്യ ബന്ധങ്ങള്‍ ചര്‍ച്ചയാകും.

സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മള്‍ എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.

ഒരു കാലത്ത് സൗദി അറേബ്യയില്‍ ഇസ്ലാമിന്‍റെ അത്യന്തം യാഥാസ്ഥികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. ഇത് മുസ്ലീങ്ങളല്ലാത്തവരുടെയും സ്ത്രീകളുടെയും സാമൂഹ്യ ജീവിതത്തെ അസ്വസ്ഥരാക്കുകയും അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും മനുഷ്യരാണ് അതിനിടയില്‍ വ്യത്യാസമില്ല.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമമായ ശമ്ബളം നല്‍കുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഒരു സമ്ബന്നനാണ്, ഒരു പാവപ്പെട്ട വ്യക്തി അല്ല, ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ലെന്നായിരുന്നു തന്‍െറ സ്വകാര്യ ചെലവുകള്‍ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത്.

ജോലിയിടങ്ങളിലും വസ്ത്രധാരണത്തിലും സ്ത്രീകള്‍ക്ക് ഉപകാരപ്രദമാകുന്ന പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടിരുന്നു. സ്ത്രീകളുടെ പൊതുവെയുള്ള അവകാശങ്ങള്‍ അംഗീകരിക്കുമെന്നും സിനിമ തിയേറ്ററുകള്‍ക്കും സംഗീതത്തിനുമുള്ള നിരോധനവും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.