അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ

യുഎഇ: അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യുഎഇ. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ അധ്യാപക തസ്തികയില്‍ നിയമനം ലഭിക്കുകയുള്ളു. വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതിനായാണ് യുഎഇയുടെ പുതിയ തീരുമാനം.

2020 അവസാനത്തോടെ, പൊതു, സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്ക് എല്ലാവര്‍ക്കും പ്രഫഷനല്‍ ടീച്ചര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും. പുതിയ നിബന്ധനകള്‍ ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് ഗള്‍ഫില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. പഠിപ്പിക്കുന്ന വിഷയത്തില്‍ നിര്‍ദിഷ്ട യോഗ്യതയില്ലെങ്കിലും സ്വകാര്യ സ്കൂളുകളില്‍ അധ്യാപകരായി ജോലി ലഭിക്കുമായിരുന്നെന്ന സ്ഥിതിയാണ് ഇല്ലാതാവുന്നത്.

എംബിഎ, എന്‍ജിനീയറിങ് തുടങ്ങിയ ബിരുദങ്ങളുണ്ടെങ്കിലും സ്കൂളുകളില്‍ അധ്യാപകരാകണമെങ്കില്‍ ബിഎഡ് ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ വേണ്ടി വരും. കിന്‍ഡര്‍ ഗാര്‍ട്ടനില്‍ പഠിപ്പിക്കാന്‍ മോണ്ടസോറി, ഇവൈഎഫ്‌എസ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍, നഴ്സറി ട്രെയിനിങ് തുടങ്ങിയ യോഗ്യതകളാണ് ആവശ്യപ്പെടുന്നത്. പ്രഫഷനല്‍ ടീച്ചര്‍ ലൈസന്‍സ് നല്‍കുന്നതിന് മുന്‍പ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.