പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ; ദുരൂഹതയെന്ന് ബന്ധുക്കള്‍

മസ്‌കത്ത് : ഒമാനില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കള്‍. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. മാര്‍ച്ച്‌ 23നാണ് ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പന്‍കാവ് നെല്ലിക്കാട്ട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ദയാനന്ദന്‍ (34) ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്തത്.

കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയന്റെ മുഖത്ത് ആസിഡൊഴിച്ച്‌ പരുക്കേല്‍പിച്ച ശേഷമാണ് ദയാനന്ദന്‍ ജീവനൊടുക്കിയത്. അജയന്റെ രണ്ടു കണ്ണുകള്‍ക്കും ഗുരുതര പൊള്ളലേറ്റു.

എംബസി അധികൃതര്‍ പരാതി പൊലിസിന് കൈമാറി. അന്വേഷണം നടക്കുന്നതിനാല്‍ അജയന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനാകാത്ത സാഹചര്യമാണ്. അജയന്റെ സുഹൃത്തിന്റെ അനുജനായ ദയാനന്ദന്‍ രണ്ടു വര്‍ഷമായി മസ്‌കത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ: സുജിത.