റമദാന്‍ മാസത്തില്‍ അനുമതി ഇല്ലാതെ ധനസമാഹരണം നടത്തുന്നവർക്കെതിരെ കർശന നടപടി

കുവൈത്തില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ ധനസമാഹരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പ്. സാമൂഹ്യക്ഷേമ മന്ത്രാലയമാണ് സന്നദ്ധ സംഘടനകള്‍ക്കും സൊസൈറ്റികള്‍ക്കും ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയത് . റമദാന്‍ മാസത്തില്‍ പിരിവിലേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .

റമദാന്‍ അടുത്തതോടെ പണപ്പിരിവുകള്‍ വര്ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നടപടി . മന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ച സംഘടനകളെ മാത്രമാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന പിരിക്കാന്‍ അനുവദിക്കുക . ഈ വര്‍ഷം 31 സന്നദ്ധ സംഘടനകള്‍ക്കു മാത്രമാണ് റമദാനില്‍ ധനസമാഹരണത്തിന് അനുമതി നല്‍കിയതെന്നു സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം അസിസ്​റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഹനാഅ് അല്‍ ഹാജിരി പറഞ്ഞു . മന്ത്രാലയ പ്രതിനിധികളങ്ങിയസമിതിയാണ് സംഘടനകളുടെ ഉദ്യേശലക്ഷ്യങ്ങള്‍ അവലോകനം ചെയ്ത ശേഷം അനുമതി നല്‍കിയത് .പ്രസ്തുത സംഘടനകളുടെ പ്രതിനിധികള്‍ക്ക് മാത്രമാണ് പിരിവിന്​ അനുമതിയുള്ളത്​.

മന്ത്രാലയം നല്‍കിയ പ്രത്യേക അനുമതി കാര്‍ഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമായി കണക്കാക്കും. അനുമതി ലഭിച്ച സംഘനകള്‍ തങ്ങളുടെ പ്രതിനിധികളുടെ പേരുവിവരം ഏപ്രില്‍ 30 നു മുമ്ബ് മന്ത്രാലയത്തെ അറിയിക്കണം ഷോപ്പിങ്​ കോംപ്ലക്സുകള്‍ , പള്ളികള്‍ എന്നിവിടങ്ങളില്‍ നിന്നും അനുമതിയില്ലാതെ പിരിവ് നടത്തുന്നതും കെ.നെറ്റ് വഴിയോ ഓണ്‍ലൈന്‍ മണി ട്രാന്‍സ്​ഫര്‍ സംവിധാനത്തിലൂടെയോ അല്ലാതെ ആളുകളില്‍നിന്ന് പണമായി സംഭാവനകള്‍ സ്വീകരിക്കുന്നതും നിയമലംഘനമാണ്. നിയമലംഘനങ്ങള്‍ നടക്കുന്നത് നിരീക്ഷിക്കാന്‍ റമദാന്‍ കാലത്തു പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഹനാ അല്‍ ഹാജിരി അറിയിച്ചു