സൗദിയിൽ വിദ്യാർത്ഥികൾക്കിടയിൽ ത്വക്​രോഗം: അടിയന്തിര നടപടിക്ക്​ നിര്‍ദേശം

മക്ക: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ത്വക്​രോഗം പടരുന്നത്​ തടയുന്നതിന്​ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്​ അല്‍ഫൈസല്‍ നിര്‍ദേശം നല്‍കി. ജിദ്ദ ഗവര്‍ണറേറ്റില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്​മദ്​ അല്‍ഇൗസയുമായി കൂടിക്കാഴ്​ചയിലാണ്​ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്​. മക്കയിലെ സ്​കൂളുകളില്‍ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച്‌​ ത്വക്​രോഗ​ം തടയുന്നതിന്​ സ്വീകരിച്ച നടപടികള്‍ ഗവര്‍ണര്‍ക്ക്​ വിശദീകരിച്ചുകൊടുത്തു.

രോഗബാധയുള്ള സ്​കൂളുകളില്‍ കൂടുതല്‍ വിദ്യാര്‍ഥിനികളിലേക്ക്​ പകരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വ്യക്​തമാക്കി. കാര്യങ്ങള്‍ നിയന്ത്രണാധീനമാണെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ട ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മേഖല വിദ്യാഭ്യാസ ഒാഫീസ്​ മേധാവി മുഹമ്മദ്​ അല്‍ഹാരിസിയും മന്ത്രിയെ അനുഗമിച്ചിരുന്നു.

മക്കയിലെ വിവിധ സ്​കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ത്വക്​രോഗം ബാധിച്ചവരുടെ എണ്ണം മുമ്ബുണ്ടായിരുന്നതിനേക്കാള്‍ കൂടിവരുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. 500 ലധികം വിദ്യാര്‍ഥികള്‍ക്ക്​ രോഗമുണ്ടെന്നാണ്​ റിപ്പോര്‍ട്ട്​. മ്യാന്‍മര്‍കാരായ വിദ്യാര്‍ഥികള്‍ക്കിടയിലാണ്​​ കൂടുതല്‍ രോഗപകര്‍ച്ച റിപ്പോര്‍ട്ട്​ ചെയ്​തത്​. മറ്റ്​ രാജ്യക്കാര്‍ക്കിടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്​.

രോഗമുള്ള കുട്ടികള്‍ക്ക്​ ചികിത്സാവധി​ നല്‍കാനും വിദ്യാഭ്യാസ കാര്യാലയം തീരുമാനിച്ചിട്ടുണ്ട്​.
അതേസമയം, ജിദ്ദ മേഖലയിലെ സ്​ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്​ ഇതുവരെ ത്വക്​രോഗം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ലെന്ന്​ ജിദ്ദ ​ആരോഗ്യകാര്യാലയം വ്യക്​തമാക്കി.