വീട്ടില്‍ കഞ്ചാവു ചെടി വളര്‍ത്തിയ വിദേശി പൊലീസിന്റെ പിടിയില്‍

അബുദാബി : വീട്ടില്‍ കഞ്ചാവു ചെടി വളര്‍ത്തിയ വിദേശി അബുദാബി പൊലീസിന്റെ പിടിയില്‍. ഒരു പ്ലാസ്റ്റിക് പാത്രം മുറിച്ചു അതില്‍ മണ്ണു നിറച്ച്‌ കഞ്ചാവു തൈ നട്ടുവളര്‍ത്താന്‍ ശ്രമിച്ച ഏഷ്യക്കാരനാണ് പിടിയിലാകുന്നത്. കഞ്ചാവു തൈ വളര്‍ത്തുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ നീക്കത്തിലൂടെ തെളിവുള്‍പ്പെടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

വീട്ടിനകത്തു തന്നെ തൈകള്‍ക്കു വളരാനുള്ള അന്തരീക്ഷമൊരുക്കിയായിരുന്നു ചെടി നട്ടുവളര്‍ത്തിയത്. ശ്രമം വിജയിച്ചാല്‍ കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാനായിരുന്നു പ്രതിയുടെ തീരുമാനം. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടെന്നും ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ദാഹിരി പറഞ്ഞു. കൂടാതെ നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്നു പൊലീസില്‍ വിവരം നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അല്‍ദാഹിരി അറിയിച്ചു.