സ്വകാര്യ മെഡിക്കല് സെന്ററുകളിലെ നിരക്കുകള് നിയന്ത്രിക്കാൻ ഖത്തർ ഗവണ്മെന്റ് ഇടപെടുന്നു

ഖത്തറില് സ്വകാര്യ മെഡിക്കല് സെന്ററുകളിലെ നിരക്കുകള് നിയന്ത്രിക്കാന് ഗവണ്മെന്റ് തയ്യാറെടുക്കുന്നതായി റിപ്പോര്ട്ട്. നിലവിലെ നിരക്കില് നിന്ന് പത്ത് ശതമാനം മുതല് അറുപത് ശതമാനം വരെ കുറക്കണമെന്ന തീരുമാനം മന്ത്രാലയം ഉടന് എടുക്കുമെന്നാണ് അറിയുന്നത്.

മന്ത്രാലയം നിര്ദേശിക്കുന്ന വിലവിവരപ്പട്ടിക അംഗീകരിക്കുന്നവരുടെ ലൈസന്സുകള് മാത്രമേ പുതുക്കി നല്കുകയുള്ളൂവെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. എന്നാല് സ്വകാര്യ മേഖലയിലെ മെഡിക്കല് സ്ഥാപനങ്ങളുടെ ഉടമകള് അടുത്ത ആഴ്ച ചേംബര് ഓഫ് കേമേഴസ് അധികൃതരുമായി ബന്ധപ്പെടാന് തീരുമാനിച്ചതായി അറിയുന്നു. ഗവണ്മെന്റ് ഇത്തരമൊരു തീരുമാനം കൈകൊണ്ടാല് തങ്ങള് അനുഭവിക്കാന് പോകുന്ന പ്രതിസന്ധി ബോധ്യപ്പെടുത്തുകയാണ് ഈ ചര്ച്ചയുടെ ഉദ്ദേശമെന്നാണ് അറിയുന്നത്.

സ്വകാര്യ മേഖലയിലെ മെഡിക്കല് സെന്ററുകള് രോഗികളുടെ കീശ മുറിക്കുന്നതായുള്ള വാര്ത്തകള് നേരത്തെ വിവിധ പ്രാദേശിക മാധ്യമങ്ങള് ഉന്നയിച്ചിരുന്നു. മികച്ച സേവനം നല്കുന്നൂവെന്ന കാരണം കാണിച്ചാണ് വന് തുക രോഗികളില് നിന്ന് ഈ സ്ഥാപനങ്ങള് ഈടാക്കുന്നതെന്ന് കഴിഞ്ഞ ദിവസം അല്റായ പത്രം റിപ്പോര്ട്ട് ചെയ്തു. ചില ആശുപത്രികളില് ഫയല് തുറക്കുന്നതിന് അഞ്ഞൂറ് റിയാല് വരെ ഈടാക്കുന്നതായാണ് റിപ്പോര്ട്ട്. ഡോക്ടറെ കാണണമെങ്കില് മുന്നൂറ് റിയാല് വരെ ഫീസായി ഈടാക്കുന്നു. വിവിധ ടെസ്റ്റുകള്ക്ക് ഈടാക്കുന്ന സംഖ്യ വേറെയും. ഗവണ്മെന്റ് നിരീക്ഷണം ഈ മേഖലയില് ശക്തമാക്കണമെന്ന ആവശ്യമാണ് പൊതുവെ ഉയര്ന്നിരിക്കുന്നത്.