കുവൈത്ത് സിറ്റി: ഉല്പാദനം കുറക്കാനുള്ള തീരുമാനം ഒപെക് രാജ്യങ്ങളും അനുബന്ധ രാഷ്ട്രങ്ങളും നടപ്പാക്കിയതോടെ ലോകത്തെ കരുതല്‍ പെട്രോളിയം 340 മില്യന്‍ ബാരലില്‍നിന്ന് 500 മില്യന്‍ ബാരലിലേക്കെത്തിയതായി വെളിപ്പെടുത്തല്‍. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ കുവൈത്ത് പെട്രോളിയം- ജല വൈദ്യുതി മന്ത്രി ബഗീത് അല്‍ റഷീദിയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് കാര്യങ്ങള്‍ ശരിയായ ദിശയില്‍ പോകാനും അതുവഴി എണ്ണവിപണിയില്‍ സ്ഥിരതയുണ്ടാക്കാനും ഇടയാക്കിയതായും മന്ത്രി അഭിപ്രായപ്പെട്ടു.
ആവശ്യത്തിന് മാത്രം ഉല്പാദിപ്പിക്കുന്നതാണ് ഏതു വിപണിയെയും മെച്ചപ്പെടുത്തുക.
ആവശ്യത്തില്‍ കൂടുതല്‍ പെട്രോള്‍ മിച്ചമായി വരുന്ന രീതിയായിരുന്നു മുമ്ബുണ്ടായിരുന്നത്. അതാണ് വിപണി മാന്ദ്യത്തിനും വിലയിടിവിനും കാരണമാക്കിയത്. കാര്യങ്ങള്‍ ഇതുപോലെ തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ആവശ്യവും വില്പനയും ഒരുപോലെയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.