കുവൈത്തില്‍ സൈബര്‍ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

കുവൈത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്നു റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയത് അയ്യായിരത്തോളം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ കൂടുതലും വാട്ട്​സാപ്​ വഴിയുള്ളതാണെന്നാണ്​ സൈബര്‍ സെല്ലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങളുടെ തോതില്‍ 170 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് സൈബര്‍ സെല്ലി​ന്റെ റിപ്പോര്‍ട്ടിലുള്ളത്. തെറിവിളിയും അശ്ളീല സന്ദേശമയക്കലുമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ അധികവും. ഇതില്‍ തന്നെ വാട്ട്​സാപ്​ വഴിയുള്ള അപകീര്‍ത്തി സന്ദേശമാണ്​ കൂടുതലും. കഴിഞ്ഞ വര്‍ഷം 2856 സൈബര്‍ കുറ്റകൃത്യങ്ങളാണ് വാട്ട്സ്​അപ്പ് വഴി നടത്തിയതായി കണ്ടെത്തിയത്. ഇത്തരം കേസുകളില്‍ പരാതി നല്‍കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം വ്യാപകമായതാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. 2016 ജനുവരി 12നാണ് കുവൈത്തില്‍ സൈബര്‍ നിയമം നിലവില്‍ വന്നത്. ഇലക്‌ട്രോണിക് മീഡിയകളും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തി നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതായ വിലയിരുത്തലിന്റെ അടിസ്​ഥാനത്തില്‍ നിയമം കര്‍ശനമാക്കാനൊരുങ്ങുകയാണ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്മെന്റ്.