മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള സന്നദ്ധ ​പ്രവര്‍ത്തനങ്ങള്‍ക്ക്​ ദുബൈയില്‍ വിലക്ക്

ദുബൈയില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ സംഘടനകളും സ്​ഥാപനങ്ങളും നടത്തുന്ന സന്നദ്ധ ​പ്രവര്‍ത്തനങ്ങള്‍ക്ക്​ വിലക്ക്​. പുതുതായി രൂപം നല്‍കിയ നിയമപ്രകാരമാണിത്​. സന്നദ്ധ ​പ്രവര്‍ത്തനങ്ങള്‍ക്കായി അനുമതി കൂടാതെയുള്ള ഫണ്ടുപിരിവും കര്‍ശനമായി തടയുന്നതാണ്​ നിയമം.

യുഎ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഇതു സംബന്​ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചത്​. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്​ കൃത്യമായ ഏകോപനം ഉറപ്പാക്കുകയാണ്​ ലക്ഷ്യം. അംഗീകൃത രീതികളിലൂടെ സമൂഹത്തിന്​ ഗുണകരമാകുമാറ്​ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്​ വ്യക്​തത പകരാന്‍ ഇതിലൂടെ സാധിക്കുമെന്നാണ്​ വിലയിരുത്തല്‍.

ദുബൈ കമ്യൂണിറ്റി ഡവലപ്​മെന്‍റ്​ അതോറിറ്റിയുടെ അനുമതിയോടെ മാത്രമായിരിക്കണം സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍. നിയമാനുസൃതമായി ഡി​.ഡി.എയില്‍ രജിസ്​റ്റര്‍ ചെയ്​ത സംഘടനകള്‍ക്ക്​ മാത്രമേ അനുമതിയോടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ. അനുമതി കൂടാതെ ഫണ്ട്​ പിരിവോ അതുമായി ​ബന്​ധപ്പെട്ട്​ മാധ്യമങ്ങളില്‍ പരസ്യം ചെയ്യാനോ പാടില്ല. സന്നദ്ധ​ പ്രവര്‍ത്തനം നടത്തുന്ന അംഗീകൃത സംഘടനകള്‍ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ വിവരവും സുരക്ഷാ സംവിധാനങ്ങളുടെ വ്യക്​തമായ ചിത്രവും നല്‍കിയിരിക്കണം. പരിക്കേറ്റാലുള്ള ഇന്‍ഷുറന്‍സ്​കവറേജും ഉറപ്പാക്കണം. ഓരോ സന്നദ്ധ പ്രവര്‍ത്തകനും സി.ഡി.എയുമായി സന്നദ്ധപ്രവര്‍ത്തന കരാറില്‍ ഒപ്പു വെച്ചിരിക്കണം. സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക്​ ​ഐഡന്‍റിറ്റി കാര്‍ഡ്​ ഉള്‍പ്പെടെയുള്ളവ നല്‍കാനും സി.ഡി.എയെ നിയമം ചുളമതലപ്പെടുത്തി.