മൂവായിരത്തോളം പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി കുവൈറ്റ് സിവില്‍ സര്‍വ്വീസ് കമ്മീഷൻ

കുവൈറ്റ് സിറ്റി : സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ
ഭാഗമായി കൂടുതല്‍ പ്രവാസി ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നു. സിവില്‍ സര്‍വ്വീസ് കമീഷനാണ് വിവിധ സര്‍ക്കാര്‍ മന്ത്രായലങ്ങളോടും വകുപ്പുകളോടും ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.പ്രാദേശിക ദിനപത്രം അല്‍റായിയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്ത പുറത്തു വിട്ടത്.

വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 3108 ഓളം വരുന്ന വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കാനാണ് സിവില്‍ സര്‍വ്വീസ് കമീഷന്‍ ആലോച്ചിക്കുന്നത്. ഈ ഒഴിവുകളില്‍ കുവൈറ്റി ജീവനക്കാരെ നിയമിക്കാനും, ഇത് വഴി രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് കുറക്കാനുമാണ് കമീഷന്റെ തീരുമാനം.

എന്നാല്‍ വിദേശകാര്യ വകുപ്പ് സ്വദേശിവല്‍ക്കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശികള്‍ക്ക് ജോലിനല്‍കുന്ന കാര്യത്തില്‍ ഔപചാരികമായ നടപടി ക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളതെന്നും അത് പൂര്‍ത്തിയാകുന്ന മുറക്ക് നിയമനം നല്‍കാന്‍ കഴിയുമെന്നാണ് സാമൂഹ്യകാര്യതൊഴില്‍ മന്ത്രാലയം സിവില്‍ സര്‍വ്വീസ് കമീഷനെ അറിയിച്ചിരിക്കുന്നത്.