സൗദിയിൽ വിദേശികളെ കാത്തിരിക്കുന്നത്‌ ശോഭന ഭാവി..!!

‘ഗള്‍ഫ് പള്‍സ്…!!!!!’

 

പി.എം. മായിന്‍കുട്ടി(Malayalam News)

‘വിദേശികളുടെ ശോഭന ഭാവി’

പ്രവാസികള്‍ക്കിത് ആശങ്കയുടെ ദിനങ്ങളാണ്. തൊഴില്‍ നഷ്ടം, തൊഴില്‍ നഷ്ട ഭീഷണി, ലെവിയുടെ അധിക ഭാരത്താലുള്ള കുടുംബങ്ങളുടെ വിടപറയല്‍, കച്ചവട മേഖലയുടെ തളര്‍ച്ച … അങ്ങനെ പ്രവാസ ലോകം അസ്വസ്ഥതയിലാണ്. എല്ലാം അവസാനിച്ചുവെന്ന മട്ടിലാണ് പലരുടെയും സംസാരം.

 

കാര്യങ്ങള്‍ പൊതുവെ വിലയിരുത്തപ്പെടുമ്പോള്‍ അങ്ങനെ തോന്നാമെങ്കിലും പ്രവാസവും അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളും ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. പഴയതു പോലുള്ള വാരിക്കൂട്ടലുകള്‍ സാധ്യമായെന്നു വരില്ല. ചില ഏറ്റക്കുറച്ചിലുകളൊക്കെ ഉണ്ടാകാം. ഒരു കയറ്റത്തിന് ഒരു ഇറക്കം സ്വാഭാവികം. ഇപ്പോള്‍ പ്രവാസ ലോകത്ത്, പ്രത്യേകിച്ച് സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. അനിയന്ത്രിതമായ ഇടപാടുകളെ ഒരു ചട്ടക്കൂട്ടിലേക്ക് ഒതുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക നഷ്ടങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്തെ പൗരډാര്‍ക്ക് ജീവിതോപാധി ഉറപ്പാക്കേണ്ടത് ആ രാജ്യത്തിന്‍റെ ബാധ്യതയാണ്. അതിനായുള്ള നടപടികളുടെ ഫലമായാണ് ചിലര്‍ക്കൊക്കെ തൊഴില്‍ നഷ്ടങ്ങളുണ്ടായിട്ടുള്ളത്.

ഇതൊക്കെയാണെങ്കിലും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതുപോലെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ശോഭന ഭാവിയുണ്ടെന്നതില്‍ ഒരു സംശയവും വേണ്ട.

 

ഇപ്പോഴുണ്ടായിരിക്കുന്ന കഷ്ടനഷ്ടങ്ങള്‍ താല്‍ക്കാലികമാണ്. പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ സ്വദേശികള്‍ക്കെന്ന പോലെ വിദേശികള്‍ക്കും ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന കിരീടാവകാശിയുടെ പ്രസ്താവന ശരിയെന്ന് തെളിയിക്കുന്നതാണ് തൊഴില്‍ രംഗത്ത് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒഴിവുകള്‍. ഒരു കോടിയിലധികം വിദേശികള്‍ ഒറ്റക്കും കുടുംബത്തോടൊപ്പവും സൗദിയില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും വിവിധ മേഖലകളില്‍ ജോലിയെടുക്കുന്നവരാണ്. ഇവരുടെ എണ്ണം കുറയില്ലെന്നു മാത്രമല്ല, കൂടാനാണ് സാധ്യതയെന്നാണ് കിരീടാവകാശി പറഞ്ഞത്.

 

സാമ്പത്തിക പരിഷ്കരണ രംഗത്ത് സൗദി ലക്ഷ്യമിടുന്ന വളര്‍ച്ച സാക്ഷാത്കരിച്ചാല്‍ ധാരാളം മാനവ വിഭവ ശേഷി ആവശ്യമായി വരും. മതിയായ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവുമുള്ള വിദേശികള്‍ക്ക് അനവധി തൊഴില്‍ അവസരങ്ങള്‍ ഇതുവഴി തുറക്കപ്പെടുമെന്നാണ് കിരീടാവകാശി അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതായത് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടയെത്തി കഠിനാധ്വാനം കൊണ്ടും സ്വയംആര്‍ജിത കഴിവു കൊണ്ടും എത്തിപ്പിടിച്ച ഉന്നത സ്ഥാനങ്ങളില്‍ ഇനി വിദേശികള്‍ എത്തിപ്പെടാന്‍ സാധ്യതകള്‍ കുറവാണെന്നു വേണം വിലയിരുത്താന്‍.

 

സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരിലേറെ പേരും വര്‍ഷങ്ങള്‍ക്കു മുമ്പെ സൗദിയിലെത്തി ഉന്നത സ്ഥാനങ്ങളില്‍ എത്തിപ്പെട്ടവരാണ്. ഇത്തരം സ്ഥാനങ്ങളിലേക്ക് ഇനി സാധ്യതകള്‍ കുറവാണെങ്കിലും കിരീടാവകാശി സൂചിപ്പിച്ചതു പോലെ വിദ്യാസമ്പന്നരും സാങ്കേതിക പരിജ്ഞാനവുമുള്ളവര്‍ക്ക് സാധ്യതകള്‍ ഏറെയാണ്.

തൊഴില്‍ മേഖലയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് അതാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം 8,19,881 തൊഴില്‍ വിസകള്‍ ഇഷ്യൂ ചെയ്തിട്ടും നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ 1,16,068 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ 40 ശതമാനം മാത്രമാണ് സ്വദേശികള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. അതായത് 45,919 തസ്തികകള്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്ത മേഖലയില്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ വിദേശികള്‍ക്ക് ലഭിക്കാനിടയുള്ളത് 70,149 തൊഴില്‍ അവസരങ്ങളാണ്.

 

വാണിജ്യ, ഹോട്ടല്‍ മേഖലകളിലാണ് കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ളത്. 35,000 ലേറെ തസ്തികകള്‍ ഈ മേഖലയില്‍ നികത്താതെ കിടക്കുന്നുണ്ട്. ഇതില്‍ സ്വദേശി സംവരണം ഏതാണ്ട് പകുതിയോളമാണ് വരിക. നിര്‍മാണ മേഖലയില്‍ 22,000 ഓളം തൊഴിലവസരങ്ങളില്‍ 3190 തസ്തിക ഒഴികെ ബാക്കിയുള്ളവ വിദേശികളുടേതാണ്. വ്യവസായ മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്ന 18,641 തസ്തികകളില്‍ 7835 സ്വദേശികളുടെ ഒഴിവുകളാണ്.

 

വിനോദ സഞ്ചാരം, കലാ, സാംസ്കാരിക, സിനിമാ മേഖലകളില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് തുറക്കപ്പെടുന്നത്. ഉല്ലാസ മേഖലയെ സജീവമാക്കുന്നതിന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം ഒട്ടേറെ കരാറുകള്‍ സൗദി അറേബ്യ ഒപ്പുവെച്ചു കഴിഞ്ഞു. കിരീടാവകാശിയുടെ വിദേശ പര്യടനത്തിനിടെ ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ചകളും സൗദിയുടെ സാംസ്കാരിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവുമെല്ലാം സംഘടിപ്പിച്ചിരുന്നു.

വിനോദ മേഖലയില്‍ ലോകത്തിലെ വന്‍കിട കമ്പനികളുമായാണ് ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി ധാരണയിലെത്തിയിട്ടുള്ളത്. ‘സൗദിയില്‍ വിനോദ മേഖലയുടെ ഭാവി’ എന്ന ശീര്‍ഷകത്തില്‍ അതോറിറ്റി ലോസ് ആഞ്ചലസില്‍ വ്യവസായ പ്രമുഖകര്‍ക്കായി സംഘടിപ്പിച്ച ഉച്ചകോടിയിലായിരുന്നു തന്ത്രപ്രധാനമായ കരാറുകളുണ്ടായത്. സൗദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഏപ്രില്‍ 18 ന് റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. രാജ്യവ്യാപകമായി 40 തിയേറ്ററുകളാണ് താമസിയാതെ നിലവില്‍ വരുന്നത്. ഈ മേഖലകളിലെല്ലാം സാങ്കേതിക വിദഗ്ധര്‍ക്ക് ഒട്ടേറെ തൊഴില്‍ സാധ്യതകളാണ് തുറക്കപ്പെടുന്നത്.

 

വിദേശികള്‍ കൂടൊഴിയുന്നുവെന്ന് പറയുമ്പോഴും സൗദി തൊഴില്‍ വിപണിയില്‍ സ്വദേശികളെ അപേക്ഷിച്ച് വിദേശികള്‍ ഇപ്പോഴും നാലിരട്ടിയാണെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകളും വ്യക്തമാകുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സൗദി തൊഴില്‍ വിപണിയിലെ സാധ്യതകള്‍ അവസാനിക്കുന്നില്ല, പുതിയത് ഉണ്ടാകുന്നുവെന്നാണ്