അറബ്​ ലീഗ്​ ഉച്ചകോടിയില്‍ നിന്നു വിട്ടുനിന്ന ഖത്തര്‍ അമീറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ യു.എ.ഇ

സൗദിയില്‍ സമാപിച്ച അറബ്​ ലീഗ്​ ഉച്ചകോടിയില്‍ നിന്നു വിട്ടുനിന്ന ഖത്തര്‍ അമീറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ യു.എ.ഇ. തികഞ്ഞ അഹന്തയുടെ പ്രതിഫലനമാണിതെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരം ഉച്ചകോടികളില്‍ നിന്ന്​ ഖത്തറിനെ മാറ്റി നിര്‍ത്തുകയാണ്​ വേണ്ടതെന്ന്​ ബഹ്റൈന് പ്രതികരിച്ചു.

സൗദിയില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടിക്ക് ഖത്തറില് നിന്നെത്തിയത് പ്രതിനിധി മാത്രമായിരുന്നു. 22 അംഗ അറബ് രാഷ്ട്രങ്ങളില് ഭൂരിഭാഗവും ഭരണ തലപ്പത്തുള്ളവരായിരുന്നു സംബന്ധിച്ചത്​. എന്നാല്‍ ഒൗദ്യോഗിക ക്ഷണം ഉണ്ടായിട്ടും ഖത്തര്‍ അമീര്‍ ഉച്ചകോടിക്ക്​ എത്താതിരുന്നത്​ ശരിയായില്ലെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ്​ പ്രതികരിച്ചു. ഗള്‍ഫ്​ പ്രതിസന്ധിക്ക്​ ഇടയാക്കിയ ധിക്കാര നിലപാടിന്റെ തുടര്‍ച്ച തന്നെയാണ്​ സൗദി ഉച്ചകോടിയുടെ കാര്യത്തിലും ഖത്തറില്‍ നിന്നുണ്ടായതെന്ന്​ മന്ത്രി ആരോപിച്ചു.

ഒരുമിച്ചുനില്‍ക്കുന്നതിനു പകരം ഒറ്റപ്പെടലിന്റെ സാഹചര്യം സൃഷ്​ടിക്കുകയാണ്​ ഗള്‍ഫ്​ മേഖലയിലെ ഒരു രാജ്യമെന്നും യു.എ.ഇ മന്ത്രി കുറ്റപ്പെടുത്തി. അതേ സമയം ഉച്ചകോടിയെയും സൗദി നേതൃത്വത്തെയും വിമര്‍ശിക്കുന്ന ഖത്തറിന്​ അറബ്​ കൂട്ടായ്​മയുടെ ഭാഗമായി തുടരാന്‍ പറ്റില്ലെന്ന്​ ബഹ്​റൈന്‍ വ്യക്​തമാക്കി. എല്ലാ കൂട്ടായ്​മകളില്‍ നിന്നും ആ രാജ്യത്തെ മാറ്റിനിര്‍ത്തണമെന്ന്​ ബഹ്​റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിന്‍ അഹ്​മദ്​ ആല്‍ ഖലീഫ ട്വിറ്ററില്‍ കുറിച്ചു​.