പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി; പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യും

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം നാളെ കുവൈത്ത് പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യും. നികുതി വിഷയത്തില്‍ പാര്‍ലിമെന്റിലെ രണ്ടു ഉപസമിതികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ളതിനാല്‍ ചര്‍ച്ച ചൂടേറിയതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സഫാ അല്‍ഹാഷിം എംപി സമര്‍പ്പിച്ച കരട് നിര്‍ദേശമാണ് ചൊവാഴ്ച ചേരുന്ന അസംബ്ലിസമ്മേളനത്തില്‍ ചര്‍ച്ചയാകുന്നത്. റെമിറ്റന്‍സ് ടാക്സുമായി ബന്ധപ്പെട്ട ഏഴു അനുച്ഛേദങ്ങള്‍ അടങ്ങുന്ന കരട് ബില്‍ ആണ് പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യുക. ബാങ്കുകളും ധനവിനിമയ സ്ഥാപനങ്ങളും വിദേശികളുടെ വിനിമയങ്ങള്‍ക്കു നികുതി സ്വീകരിച്ചു ധനമന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം അംഗീകൃത ബാങ്കുകള്‍ എക്സ്ചേഞ്ച്കള്‍ എന്നിവ വഴിയല്ലാതെ നടത്തുന്ന ഇടപാടുകള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും അയച്ച പണത്തിന്റെ രണ്ടിരട്ടിയില്‍ കുറയാത്ത പിഴയും ഈടാക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു പാര്‍ലിമെന്റിലെ നിയമകാര്യ ഉപസമിതി തള്ളിയിരുന്നെങ്കിലും സാമ്ബത്തികകാര്യസമിതിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്.

വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം. എന്നാല്‍ എണ്ണയിതര വരുമാനമാര്ഗങ്ങള് കണ്ടെത്തുന്നതിനായിവിദേശികള്‍ക്ക് റെമിറ്റന്‍സ് ടാക്സ് നടപ്പാക്കുന്നതില്‍ ഭരണഘടനാ വിരുദ്ധമായിഒന്നുമില്ലെന്ന നിലപാടിലാണ് സാമ്ബത്തികകാര്യ സമിതി. വിദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സബ്സിഡികള്‍ക്കും സൗജന്യ സേവനങ്ങലക്കും പകരമായിക്കണ്ടാല്‍ മതിയെന്നും സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും ധനകാര്യ സമിതി ചൂണ്ടിക്കാട്ടുന്നു. സെന്‍ട്രല്‍ ബാങ്ക്, കുവൈത്ത് മണി എക്സ്ചേഞ്ച് യൂണിയന്‍ എന്നിവ നികുതി നിര്‍ദേശത്തെ നേരത്തെ നിരാകരിച്ചിരുന്നു.