വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി രൂപയിലേറെ നഷ്ട പരിഹാരം നൽകാൻ വിധി

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം രണ്ടു കോടി രൂപ (പതിനൊന്നര ലക്ഷം ദിര്‍ഹം) നഷ്ട പരിഹാരം. 2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാന്‍ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ അല്‍ ഐനില്‍ വെച്ച്‌ വാഹനാപകടം ഉണ്ടായത്.

വാഹനാപകടം ഉണ്ടാക്കിയ യുഎഇ പൗരനെയും ഇന്‍ഷുറന്‍സ് കമ്ബനിയെയും പ്രതി ചേര്‍ത്ത് നഷ്ട പരിഹാരം ആവശ്യപ്പെട്ട് ദുബായ് കോടതിയില്‍ നല്‍കിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അബ്ദുറഹ്മാന്‍ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി യുഎഇ പൗരനെ ശിക്ഷയില്‍ നിന്നു ഒഴിവാക്കി വെറുതെ വിടാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.