ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ആഡംബര നൗക ബസ്രാ ബ്രീസ് ഇനി പൈലറ്റുമാര്‍ക്കുള്ള ഹോട്ടല്‍

കൊല്ലപ്പെട്ട ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ആഡംബര നൗക ബസ്രാ ബ്രീസ് ഇനി പൈലറ്റുമാര്‍ക്കുള്ള ഹോട്ടല്‍. 1981ല്‍ സദ്ദാം ഹുസൈന്‍ തനിക്കായി പണികഴിപ്പിച്ച നൗകയാണ് ഹോട്ടലായി മാറ്റുന്നത്. ഇറാഖ്-ഇറാന്‍ യുദ്ധ കാലത്ത് ഡെന്‍മാര്‍ക്കിലെ കപ്പല്‍നിര്‍മാണകേന്ദ്രത്തിലാണ് ഈ ആഢംഭര നൗക നിര്‍മിക്കപ്പെട്ടത്.

സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇറാഖ് ബസ്രാ ബ്രീസ സ്വന്തമാക്കിയത്. ഇത് എന്തുചെയ്യണമെന്ന് സദ്ദാമിന്റെ കാലശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ ഇതൊരു ഹോട്ടലാക്കി മാറ്റാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

82 മീറ്റര്‍ വലുപ്പമുള്ള നൗക പണിയിച്ചെങ്കിലും ഒരിക്കല്‍പോലും ഇതിലെ സൗകര്യങ്ങളോ യാത്രയോ പ്രയോജനപ്പെടുത്താന്‍ സദ്ദാമിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ നൗക പൂര്‍ണമായും ഒരു ഹോട്ടലാക്കി മാറ്റാനാണ് അധികാരികളുടെ തീരുമാനം. തെക്കന്‍ തുറമുഖത്തിലെ പൈലറ്റുമാര്‍ക്ക് വിശ്രമിക്കാനുള്ള ഹോട്ടലാക്കി ഇതിനെ മാറ്റുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. തെക്കന്‍ തുറമുഖത്തിലെ പൈലറ്റുമാരിലധികവും വളരെ ദൂരെയുള്ള പട്ടണങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവര്‍ക്ക് വിശ്രമിക്കാനുള്ള ഒരു സൗകര്യമായി ബസ്രാ ബ്രീസയെ മാറ്റണമെന്നാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നതെന്നും ബസ്രാ പോര്‍ട്ട് വക്താവ് അന്‍മര്‍ അല്‍ സഫി പറഞ്ഞു.

സദ്ദാമിന്റെ സ്വകാര്യ മുറിയും ഡൈനിംഗ് റൂം, ബെഡ്‌റൂം, അതിഥികള്‍ക്കായുള്ള 17ഒളം ചെറിയ മുറികള്‍, ജീവനക്കാര്‍ക്കും ക്ലിനിക്ക് പോലുള്ള മറ്റ് സൗകര്യങ്ങള്‍ക്കുമായി 18ഓളം കാബിനുകള്‍ തുടങ്ങിയവയടങ്ങിയ ആഢംബരനൗക വില്‍ക്കാനായി ശ്രമിച്ചിരുന്നെങ്കിലും വാങ്ങാന്‍ ഉചിതമായ ഒരാളെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുകയായിരുന്നു. മൂന്ന് കോടി ഡോളറാണ് വില്‍പനയ്ക്ക് വച്ചപ്പോള്‍ ഇതിന് കല്‍പിച്ചിരുന്ന വില.

കഴിഞ്ഞ രണ്ടു വര്‍ഷമായി ബസ്രാ സര്‍വകലാശാലയിലെ ഗവേഷകര്‍ സമുദ്രജീവികളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി സമൂദ്ര യാത്രകള്‍ നടത്തുമ്ബോള്‍ ഉപയോഗിച്ചിരുന്നത് ഈ നൗകയായിരുന്നു. ഇതിലെ രണ്ട് എന്‍ജിനുകളും ജനറേറ്ററുകളും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇപ്പോഴും ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജം തന്നെയാണെന്നുമാണ് നൗകയിലെ ക്യാപ്റ്റന്‍ അബ്ദുള്‍ സാറാ പറയുന്നത്. കാലാനുസരണം വേണ്ട പരിപാലനം മാത്രമാണ് ഇതിന് ആവശ്യമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.