ഉമ്മുല്‍ ഖുവൈനില്‍ വാഹനാപകടം; മൂന്ന്​ ഏഷ്യന്‍ വംശജര്‍ മരണപ്പെട്ടു

ദുബൈ: ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റ്​സ്​ റോഡില്‍ ചൊവ്വാഴ്​ച നടന്ന വാഹനാപകടത്തില്‍ മൂന്ന്​ ഏഷ്യന്‍ വംശജര്‍ മരണപ്പെട്ടു. രണ്ട്​ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തല്‍ക്ഷണ മരണമാണ്​ സംഭവിച്ചത്​. ഇടിച്ച വാഹനങ്ങളില്‍ മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം ലഭിച്ച്‌​ ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ്​ സംഭവ സ്​ഥലത്ത്​ പാഞ്ഞെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നുവെന്ന്​ ഡിവില്‍ ഡിഫന്‍സ്​ ഡി.ജി കേണല്‍ ഹസന്‍ അലി മുഹമ്മദ്​ ബിന്‍ സുര്‍മ്​ അറിയിച്ചു.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ ശരീരങ്ങള്‍ വാഹനങ്ങളില്‍ നിന്ന്​ പുറത്തെത്തിച്ചത്​. മ​ൃതദേഹങ്ങള്‍ ശൈഖ്​ ഖലീഫ ആശുപത്രിയിലേക്ക്​ മാറ്റി. ഗതാഗത നിയമങ്ങള്‍ പാലിക്കുകയും കൂട്ടി ഇടി ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷാ അകലം കൃത്യമായി സൂക്ഷിക്കുകയും വേണമെന്ന്​ കേണല്‍ ബിന്‍ സുര്‍മ്​ യാത്രികരോട്​ അഭ്യര്‍ഥിച്ചു.